ജയരാജ് സംവിധാനം ചെയ്യുന്ന ‘മെഹ്ഫില്‍’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേഷകരിലേക്ക്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കി അരവിന്ദ് വേണുഗോപാല്‍ ആലപിച്ച കാണാതിരുന്നാല്‍ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ദേവാസുരത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയത് കോഴിക്കോട് മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ ഒരു മെഹ്ഫില്‍ രാവ് ദൃശ്യവല്‍ക്കരിക്കുകയാണ് പ്രശസ്ത സംവിധായകനായ ജയരാജ്. മുല്ലശ്ശേരി രാജഗോപാലനായി മുകേഷ് അഭിനയിക്കുന്നു. ഭാര്യയുടെ വേഷത്തില്‍ ആശ ശരത് ആണ് എത്തുന്നത്. ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍, കൈലാഷ്, രണ്‍ജി പണിക്കര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത് ലാല്‍, മനോജ് ഗോവിന്ദന്‍, അജീഷ്, ഷിബു നായര്‍ തുടങ്ങിയവര്‍ക്കൊപ്പം ഗായകരായ രമേഷ് നാരായണ്‍, ജി വേണുഗോപാല്‍, കൃഷ്ണചന്ദ്രന്‍, അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.