പല രോഗങ്ങള്‍ക്കായി ദിവസം തോറും നിരവധി മരുന്നുകള്‍ കഴിക്കുന്നവര്‍ തീര്‍ച്ചയായും അതിന്റെ സൈഡ് ഇഫക്ടറുകളെ കുറിച്ചു കൂടി ബോധവാന്മാരായിരിക്കണം. ആദ്യം രോഗ ശമനമുണ്ടാക്കുമെങ്കിലും പിന്നീട് ഇതേ മരുന്നുകള്‍ തന്നെ ശരീരത്തിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. ഇത് വൈജ്ഞാനിക തകര്‍ച്ചയ്ക്കും ആരോഗ്യം മോശമാകാനും കാരണമാകും. ചില മരുന്നുകളുടെ പാര്‍ശ്വഫലമായി ഉറക്കമില്ലായ്മ, ക്ഷീണം, അസ്വസ്ഥത, വീക്കം, ഡിമെന്‍ഷ്യ തുടങ്ങിയവ ഉണ്ടാവാം. ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ നമ്മള്‍ കഴിക്കുന്ന മരുന്നകള്‍ കാരണമാകാമെന്ന് പലര്‍ക്കും അറിയില്ല. ഇത് അറിയാതെ മറ്റൊരു ഡോക്ടറെ കണ്ട് അടുത്ത മരുന്ന് വാങ്ങി കഴിക്കുകയാണ് പതിവ്. ഒരു മരുന്ന് ഉണ്ടാക്കുന്ന പാര്‍ശ്വഫലം അകറ്റാന്‍ അടുത്ത മരുന്ന് കഴിക്കും പിന്നീട് ഇതുണ്ടാക്കുന്ന പാര്‍ശ്വഫലമകറ്റാന്‍ വീണ്ടും മറ്റൊന്ന് – ഈ പ്രക്രിയയെ ആണ് ‘പ്രിസ്‌ക്രൈബിങ് കാസ്‌കേഡ്’ എന്ന് വിളിക്കുന്നത്. ചില മരുന്നുകള്‍ വര്‍ഷങ്ങളായി തുടരുന്നത് ശരീരത്തിന് ദോഷം ചെയ്യാം. ചിലത് പുതിയ മരുന്നുമായി ദോഷമായി പ്രതികരിക്കുകയോ, പ്രവര്‍ത്തനം നില്‍ക്കുകയോ ചെയ്യുന്നു. പ്രായമാകുമ്പോറും നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസത്തില്‍ മാറ്റം വരാം. രോഗം മാറാന്‍ കഴിക്കുന്ന മരുന്നുകള്‍ തന്നെ നമ്മെ നിത്യരോഗിയാക്കാം. സ്വയം ചികിത്സയും ഓരോ അസുഖത്തിനും പല ഡോക്ടര്‍മാരെ കാണുന്നതും കാരണം നിങ്ങള്‍ കഴിക്കുന്ന മരുന്നുകളെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ധാരണയുണ്ടാകണമെന്നില്ല. അതിനാല്‍ അത് കൃത്യമായി ആരോഗ്യ വിദഗ്ധരുമായി ആശയവിനിമയം നടക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ ഒരു പട്ടിക കൃത്യമായി തയ്യാറാക്കി വെക്കുക. ചില മരുന്നുകള്‍ നമ്മള്‍ക്ക് പെട്ടെന്ന് നിര്‍ത്താന്‍ സാധിക്കും. എന്നാല്‍ മറ്റു ചിലത് പെട്ടെന്ന് നിര്‍ത്തുന്നത് ജീവന് തന്നെ ഭീഷണിയാകും. അത്തരം മരുന്നുകള്‍ക്ക് കൃത്യമായ നിര്‍ദേശത്തോടെ മെല്ലെ നിര്‍ത്തുന്നതാണ് നല്ലത്. വിഷാദം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിവയ്ക്കുള്ള മരുന്നുകള്‍ ക്രമേണ ഡോസ് കുറച്ച് നിര്‍ത്തുന്നതാണ് ഉചിതം.