കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. കെ.എന്‍. ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയത്. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും തരൂര്‍ അഞ്ചു സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്.
കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ മുന്‍ സൈനികന് തലയ്ക്കടിച്ച് പെട്രോളൊഴിച്ചു കത്തിച്ച ദമ്പതിമാര്‍ മരിച്ചു. പ്രഭാകരക്കുറുപ്പ് , ഭാര്യ വിമല കുമാരി (55) എന്നിവരാണു മരിച്ചത്. മുന്‍ സൈനികന് പനപ്പാംകുന്ന് സ്വദേശി ശശിധരന് നായരുടെ മകനെ 29 വര്‍ഷം മുമ്പ് ജോലിക്കായി വിദേശത്തേക്കു കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. ഉദ്ദേശിച്ച ജോലി ശരിയാകാതെ ശശിധരന്റെ മകന് ആത്മഹത്യ ചെയ്തിരുന്നു. പിറകേ, ശശിധരന് നായരുടെ മകളും ജീവനൊടുക്കി. ഇതു സംബന്ധിച്ചുള്ള കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി വെറുതെ വിട്ടു. ഇതേത്തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.
സംസ്ഥാനത്തെ ആശുപത്രികളിലുള്ള പേവിഷ വാക്സിന് ഗുണനിലവാരമുള്ളതാണെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വാക്സിന് സ്വീകരിച്ചിട്ടും ആറു പേര് മരിച്ചതോടെ വാക്സിന്റെ ഗുണമേന്മയെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയില്‍ മാറ്റം. ഇന്നു രാവിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചശേഷമേ വിദേശയാത്രയ്ക്കു പോകൂ. ഇന്നലെ രാത്രി ഡല്‍ഹി വഴി ഫിന്‍ലാന്‍ഡിലേക്കു പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ഗാന്ധി ജയന്തി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ബോധവതകരണ പരിപാടികള്‍. വിദ്യാലയങ്ങളിലും പൊതുവിടങ്ങളിലും പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരേ വിമര്‍ശനങ്ങളില്ല. ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെല്ലാം ഒതുക്കിയാണ് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്. സില്‍വര്‍ ലൈന്‍, മാവോയിസ്റ്റ് വേട്ട, യുഎപിഎ ചുമത്തല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ജില്ലാ കമ്മിറ്റികള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നത്.
വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ക്കും ജഡ്ജിമാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. ചീഫ് ജസ്റ്റീസിന് നല്‍കിയിരുന്ന 14,000 രൂപ 25,000 രൂപയായും ജഡ്ജിക്കുള്ള പന്തീരായിരം രൂപ ഇരുപതിനായിരം രൂപയായും വര്‍ധിപ്പിച്ചു. പെന്‍ഷനു പുറമേയാണ് ഈ ആനുകൂല്യം.
കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാന്‍ ഉടനേ സെനറ്റ് വിളിച്ചുകൂട്ടുമെന്ന് വിസി ഗവര്‍ണര്‍ക്കു മറുപടി നല്കി. ഈ മാസം 11 നകം സെനറ്റ് പ്രതിനിധിയെ നിര്‍ദ്ദേശിച്ചില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടി എടുക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
റാന്നി പള്ളിക്കല്‍ മുരിപ്പില്‍ റബര്‍തോട്ടത്തില്‍ അസ്ഥികൂടം. തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ കാട് തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തു വസ്ത്രങ്ങളും കണ്ടെത്തി. മൂന്നു മാസം മുമ്പ് കാണാതായ ഇടക്കുളം സ്വദേശി സുധാകരന്റെ മൃതദേഹമാണെന്നു സംശയിക്കുന്നതായി പൊലീസ്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മല്ലികാര്‍ജുന ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനമാണെന്നും സതീശന് പറഞ്ഞു.
ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് സര്‍ക്കാര്‍ പണം കൈമാറി. 1,75,000 രൂപ സര്‍ക്കാര്‍ കുട്ടിയുടെയും റൂറല്‍ എസ്പിയുടെയും അക്കൗണ്ടിലേക്കു കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പൊലിസ് ഉദ്യോഗസ്ഥയില്‍നിന്ന് ഈടാക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി.