ഹാത്രസിൽ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമം നടത്തി എന്ന് ഇ ഡി. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പനടക്കം നാല് പേരാണ് ഇതിനായി ചുമതലപ്പെടുത്തിയത് .ഇതിനായി 1.36 കോടി രൂപയുടെ വിദേശ സഹായം കിട്ടിയെന്നും ഇഡിയുടെ പുതിയ റിപ്പോർട്ട് . ദില്ലി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെട്ട് എന്നും ഇഡി ലക്നൗ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ അന്വേഷങ്ങൾ ആവശ്യമാണെന്നും ഇ ഡി റിപ്പോർട്ട് ചെയ്തു. വിശാലമായ അന്വേഷണത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.
കോഴിക്കോട് കൂളിമാട് പാലത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റൻറ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി. പാലം തകർച്ചയെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് കിട്ടി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി പ്രഖ്യാപിച്ച നടപടി നടപ്പായില്ലെന്ന കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മുൻ മന്ത്രിയും കോൺഗ്രസിലെ ഉന്നത നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോൺഗ്രസ്സ് നേതാക്കളിലൊരാളായ അദ്ദേഹം വൈദ്യുതി , ഗതാഗത വകുപ്പുകളിൽ മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട് . വിവിധ ട്രേഡ് യൂണിയനുകളുടെ തലപ്പത്തും ഇരുന്നു. മികച്ച പാർലമെന്റേറിയനും പ്രഭാഷകനും വായനക്കാരനുമായിരുന്നു. മലപ്പുറം നിലമ്പൂരിൽ 1935 മേയ് 15ന് ജനിച്ച ആര്യാടൻ മുഹമ്മദ് ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനത്തെത്തി. ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെ നാല് മക്കൾ.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിൽ കോൺഗ്രസ്സിന് എതിർപ്പില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ. കേന്ദ്ര സർക്കാരിന് കൃത്യമായ കാരണമുണ്ടായിട്ടായിരിക്കാം 11 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീട്ടിലും എൻ ഐ എ വ്യാപക റെയ്ഡ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി 45പേര് അറസ്റ്റിലായി. തുടർന്ന് അറസ്റ്റിലും റെയ്ഡിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് കേരളത്തില് നടത്തിയ ഹർത്താലിൽ വ്യാപക അക്രമമുണ്ടായി.
നേതാവിന്റെ മകന്റെ റിസോർട്ടിലെ ജോലിക്കാരി അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിന്റെ കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും. പെൺകുട്ടിയുടെ വാട്സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി പി ആർ ദേവി പറഞ്ഞു.പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ലഭിച്ചത്, ഇന്ന് അന്തിമ റിപ്പോർട്ട് ലഭിക്കുമെന്നും ഡിഐജി. പറഞ്ഞു.
കൊച്ചിയിലേക്ക് ജനശതാബ്ദി മോഡലിൽ പുതിയ അതിവേഗ സർവീസുമായി കെഎസ്ആർ ടി സി. ദിർഘദൂര യാത്രക്കാർക്ക് വളരെ വേഗത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും, സർക്കാർ ഓഫീസുകളും മറ്റു ഇതര സ്ഥാപനങ്ങളിലും പോയി വരുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയാണ് പുതിയ സർവീസ്. രാവിലെ 5.10 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് 9.40 ന് എറണാകുളത്ത് എത്തുകയും തിരിച്ച് വൈകിട്ട് 5.20 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് ഷെഡ്യൂൾ ക്രമീകരിച്ചിട്ടുള്ളത്. കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും 1 മിനിറ്റ് മാത്രം നിർത്തുന്നതാണ്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.