കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ആരോപണ പ്രത്യാരോപണങ്ങളുമായി സൂപ്രണ്ടും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും. സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് പറഞ്ഞിട്ടെന്ന് അനിൽകുമാർ പറയുന്നു. എന്നാൽ ഈ ആരോപണം നിഷേധിക്കുന്ന ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹൻ അനിൽ കുമാറിൻ്റെ കള്ളക്കളി പിടികൂടിയത് താനാണെന്നും പറഞ്ഞു.
കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ ദുരൂഹത ഏറുകയാണ്. കളമശേരി നഗരസഭയിലെ ജനന മരണ രജിസ്റ്റർ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരി നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായ അനിൽകുമാർ തന്നെ സമീപിച്ച് ജനന സർട്ടിഫിക്കറ്റിലെ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടെന്നാണ് പരാതിയിലുള്ളത്. തുപ്പുണിത്തുറ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെന്നേ പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്. എന്നാൽ ഇങ്ങനെയൊരു പ്രസവം ആശുപത്രിയിൽ നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.തിരുവനന്തപുരത്ത് പരിശീലനത്തിനെന്ന പേരിൽ ജനന സർട്ടിഫിക്കറ്റ് രേഖകൾ അനിൽകുമാർ തരപ്പെടുത്തി എന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവമറിഞ്ഞിട്ടും മറച്ചുവെച്ചതിന് മുൻസിപ്പിലാറ്റിയിലെ താൽക്കാലിക ജീവനക്കാരിയ്ക്കെതിരെ യും അന്വേഷണം വേണമെന്നാണ് മെഡിക്കൽ കോളജ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കളമശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ പ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് അനിൽകുമാർ മുൻകൂർ ജാമ്യം തേടി. ഹർജി എറണാകുളം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും.