ആഡംബര വാഹനങ്ങള്‍ക്കും ഉയര്‍ന്ന പെര്‍ഫോമന്‍സ് വാഹനങ്ങള്‍ക്കും പേരുകേട്ട ഓട്ടോമൊബൈല്‍ കമ്പനിയായ പിനിന്‍ഫരിന, ലോകത്തിലെ ഏറ്റവും ചെലവേറിയതായി മാറിയേക്കാവുന്ന ഒരു പുതിയ എസ്യുവി വികസിപ്പിക്കുന്നു. 400,000 യൂറോ മുതല്‍ ഒരു മില്യണ്‍ യൂറോ വരെയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്. ഏകദേശം 380,000 യൂറോ വിലയുള്ള ഫെരാരി പുരോസാംഗുവിനെ ഈ പുതിയ മോഡല്‍ വിലയില്‍ മറികടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഓട്ടോമൊബില്‍ കമ്പനിയായ പിനിന്‍ഫരിന, ഏറ്റവും അപൂര്‍വവും ഉയര്‍ന്ന പെര്‍ഫോമന്‍സുള്ളതുമായ ചില വാഹനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പേരുകേട്ട കമ്പനിയാണ്. ബ്ലൂംബെര്‍ഗിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, കമ്പനി ഈ പുതിയ എസ്യുവിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിഇഒ പൗലോ ഡെല്ലച്ച സ്ഥിരീകരിച്ചു. പുതിയ വാഹനം സ്പോര്‍ട്സ് കാറുകളുടെ ലോകത്തിനും പരമാവധി ഉപയോഗക്ഷമതയ്ക്കുമിടയില്‍ സ്ഥാനം പിടിക്കും. നിലവില്‍ കമ്പനിയുടെ ബാറ്റിസ്റ്റ ഇലക്ട്രിക് സൂപ്പര്‍കാര്‍ 1,900 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ഇതിന്റെ വേഗത മണിക്കൂറില്‍ 402 കിലോമീറ്ററില്‍ കൂടുതലായിരിക്കും. ഇത് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ഇറ്റാലിയന്‍ സൂപ്പര്‍കാറാണ്. ഇതിന്റെ വില്‍പ്പന വെറും 150 യൂണിറ്റുകള്‍ മാത്രമായിരിക്കും.