നിയമസഭ പാസാക്കിയ സര്‍വകലാശാലാ, ലോകായുക്ത ഭേദഗതി നിയമങ്ങളില്‍ ഒപ്പുവയ്ക്കില്ലെന്നു ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ബില്ലുകള്‍ സാധുവാക്കാന്‍ നിയമ നടപടികളിലേക്കു കടക്കേണ്ടിവരും. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്ന ആരോപണവും നിയമപോരാട്ടത്തിലേക്കു നയിച്ചേക്കും. ഗവര്‍ണര്‍ക്കെതിരേ നടന്ന അതിക്രമശ്രമവും മുഖ്യമന്ത്രിയുടെ പൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് പോലീസിനെ തടഞ്ഞതുമെല്ലാം നിയമയുദ്ധത്തിന് വഴി തുറന്നേക്കാം.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരില്‍ കക്ഷി ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. ഗവര്‍ണറുടെ ആരോപണങ്ങളേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും ആക്രമണങ്ങളേയും രാഷ്ട്രീയമായി നേരിടാനാണ് എല്‍ഡിഎഫിന്റേയും സിപിമ്മിന്റേയും തീരുമാനം. ഗവര്‍ണര്‍ക്കെതിരേ വ്യാപക പ്രചാരണങ്ങള്‍ നടത്താനാണു നിര്‍ദേശം.
മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറെ നിയമിക്കാന്‍ സമ്മര്‍ദം ചെലുത്തിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയെന്നാണു ഗവര്‍ണര്‍ വെളിപെടുത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറെപോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂര്‍ വിസിയുടെ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ വളരെ ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരേ ഉന്നയിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണര്‍ ആര്‍എസ്എസിന്റെ ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസ് നടന്ന കാലത്ത് രാഗേഷ് രാജ്യസഭാ എംപിയായിരുന്നെന്നും ഗോവിന്ദന്‍.
ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ചെയ്തതെന്നും സുരേന്ദ്രന്‍.
ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് അഭികാമ്യമമല്ലെങ്കിലും വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. പ്രതിപക്ഷം ആരുടേയും കൂടെ നില്‍ക്കില്ലെന്നാണ് അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി.
ഐഎസ് കേസില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയം എന്ന ഷൈബു നിഹാലിന് 23 വര്‍ഷം കഠിന തടവ്. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ അബു മറിയം നിരവധി പേരെ പ്രേരിപ്പിച്ചെന്ന് കോടതി കണ്ടെത്തി. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ച് അഞ്ചു വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചാല്‍ മതി.