മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് ഗവര്‍ണര്‍. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായ കെ.കെ. രാഗേഷിനുമെതിരേ ഗുരുതര ആരോപണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ചത്. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ വേദിയിലും സദസിലും ബഹളമുണ്ടാക്കി തന്റെ പ്രസംഗം തടസപ്പെടുത്തി. വേദിയിലിരുന്ന ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റ് പ്രസംഗിച്ചുകൊണ്ടിരുന്ന തനിക്കരികിലേക്കു വന്നത് ആക്രമിക്കാനാണ്. സദസില്‍നിന്നു ബഹളമുണ്ടാക്കിയവര്‍ക്കെതിരേ നടപടിക്കു ശ്രമിച്ച പോലീസിനെ വേദിയിലുണ്ടായിരുന്ന രാഗേഷ് ഇറങ്ങിച്ചെന്നു തടഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ഇക്കാര്യം ആരോപിച്ചത്. വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയ രണ്ടു പേരെ അറസ്റ്റു ചെയ്ത പോലീസ് ഗവര്‍ണര്‍ക്കെതിരേ അതിക്രമം നടത്തിയവര്‍ക്കെതിരേ എന്തു നടപടിയെടുത്തെന്ന് ഗവര്‍ണര്‍ ചോദിച്ചു.
ഗവര്‍ണറുടെ പ്രവര്‍ത്തനം തടയുന്നത് ഏഴു വര്‍ഷം തടവും പിഴശിക്ഷയും ലഭിക്കുന്ന ഗുരുതര കുറ്റമാണെന്നു ഭരണഘടനയിലെ വരികള്‍ വായിച്ചുകൊണ്ടാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. പോലീസ് നോക്കി നില്‍ക്കേയാണ് തനിക്കെതിരേ അതിക്രമം നടന്നത്. അതിക്രമം നടത്തിയവര്‍ക്കെതിരേ സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. കേസെടുക്കുന്നതു മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലുമുള്ള ഉന്നതോദ്യോഗസ്ഥനാണ് തടഞ്ഞത്. മന്ത്രി കുറ്റം ചെയ്താല്‍ മന്ത്രിസഭയില്‍നിന്നു പുറത്താക്കും. കുറ്റം ചെയ്ത ഉദ്യോഗസ്ഥനെ പുറത്താക്കുകയും അയാളടക്കമുള്ള അക്രമികള്‍ക്കെതിരേ നിയമ നടപടിയെടുക്കുകയും വേണം. ഗവര്‍ണറെ ഭയപ്പെടുത്തി നിശബ്ദനാക്കാമെന്നു കരുതരുത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വജനപക്ഷപാതവും നിയമവിരുദ്ധവുമായി പ്രവര്‍ത്തിച്ചതിനു തെളിവായി ഏതാനും കത്തുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെ നിയമിക്കുന്നതിനു മുഖ്യമന്ത്രി നേരിട്ടുവന്ന് തന്നോടു പ്രത്യേകമായി അഭ്യര്‍ത്ഥന നടത്തി. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ മുഖ്യമന്ത്രി കൈമാറിയ കത്തുകളുടെ പകര്‍പ്പുകളാണു ഗവര്‍ണര്‍ പുറത്തുവിട്ടത്. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സമിതിയാണ് നിയമനം നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധവും അഴിമതിയുമാണ്. ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിന് ഒരു മണിക്കൂര്‍ മമ്പ് ചീഫ് സെക്രട്ടറി വി.പി ജോയ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്കു ക്ഷണിക്കാനാണ് സന്ദര്‍ശിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. രാജ്ഭവനില്‍ 12 മിനിറ്റു മാത്രമായിരുന്നു കൂടിക്കാഴ്ച. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചയച്ചതാണെന്ന വ്യാഖ്യാനവുമുണ്ട്. പക്ഷേ, അനുനയ ശ്രമങ്ങള്‍ ഫലിച്ചില്ല.