വിഴിഞ്ഞം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതിയും വിഴിഞ്ഞം തുറമുഖത്ത് കപ്പൽ വരുമെന്ന് സർക്കാരും.രാജ്യസ്നേഹമുള്ള ആര്‍ക്കും സമരത്തെ അംഗീകരിക്കാനാകില്ലെന്ന് വിദഗ്ധ സംഗമത്തിൽ മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. അടുത്ത സെപ്തംബറിൽ ആദ്യ കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിൽ പറയുക കൂടി ചെയ്തപ്പോൾ സർക്കാരും പിന്നോട്ടില്ലെന്ന നിലപാടിൽതന്നെ . ഓഖി ദുരിതബാധിതരുടെ പുനരധിവാസം കൂടി ഉയർത്തി കൊണ്ടു വന്ന് സമരം ശക്തിപ്പെടുത്തുകയാണ് വിഴിഞ്ഞം സമരസമിതി.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ വൻ സംഘർഷത്തെ തുടർന്നും സമരക്കാരും സർക്കാരും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് . ഓഖി ദുരന്തത്തിൻറെ അഞ്ചാം വാർഷികദിനമായ ഇന്ന് സർക്കാറിനെതിരെ വഞ്ചനാ ദിനമാചരിക്കുകയാണ് ലത്തീൻസഭ. ഓഖിയിലും വിഴിഞ്ഞം പദ്ധതിയിലുമെല്ലാം സർക്കാർ മത്സ്യത്തൊഴിലാളികളെ പറ്റിക്കുകയാണെന്ന് സമര സമിതി. പോലീസ് കേസിലും മറ്റു നിയമ നടപടികൾ കൊണ്ടും തങ്ങളെ തളർത്താനിവില്ലെന്ന് സമരസമിതി കൺവീനർ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു .
എന്നാൽ ഗുരുതര ആരോപണങ്ങളാണ് മന്ത്രിമാർ സമരക്കാർക്കെതിരേ ഉന്നയിക്കുന്നത്. രാജ്യത്തിൻറെ വികസന പദ്ധതിയെ ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ തടസ്സപ്പെടുത്തുന്നതിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും തുറമുഖനിർമ്മാണത്തിൽ നിന്നും പിന്നോട്ടില്ലെന്നും സർക്കാരും പറയുന്നു.