പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഉള്ളൊഴുക്ക്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വീടിനുമുന്നിലെ വെള്ളക്കെട്ടില്‍ മഴയത്ത് നില്ക്കുന്ന പാര്‍വതിയേയും ഉര്‍വശിയേയുമാണ് പോസ്റ്ററില്‍ കാണുന്നത്. നുണകള്‍ മുങ്ങിപ്പോകും രഹസ്യങ്ങള്‍ പൊങ്ങിവരും എന്ന ഹാഷ്ടാഗിലാണ് ചിത്രം. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്ന വാചകങ്ങളോടുകൂടിയ പാര്‍വതിയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് റോണി സ്ക്രുവാലയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. ഹണി ട്രെഹാന്‍, അഭിഷേക് ചുബെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്സീരിസിന്റെ സംവിധാകന് കൂടിയാണ് ക്രിസ്റ്റോ. ജൂണ്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും.