ഒച്ചുകളില്‍ നിന്ന് പകരുന്ന ഇസിനോഫിലിക് മെനിംഗോഎന്‍സോഫലൈറ്റിസ് എന്ന ഗുരുതര രോഗം ദക്ഷിണേന്ത്യയില്‍ കുട്ടികളില്‍ വ്യാപകമാകുന്നുവെന്ന് പഠനം. കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ കെപി വിനയന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2008 മുതല്‍ 2021 വരെയുള്ള കാലയളവില്‍ നടത്തിയ പഠനത്തില്‍ എറണാകുളത്തെയും സമീപ ജില്ലയിലെയും കുട്ടികളെയാണ് ഉള്‍പ്പെടുത്തിയത്. പഠനത്തില്‍ മരണത്തിന് വരെ കാരണമാകാവുന്ന ഈ രോഗം കുട്ടികളില്‍ വ്യാപിക്കുന്നതായി കണ്ടെത്തി. കുട്ടികളുടെ തലച്ചോറിനും ഞരമ്പിനും ശാശ്വതമായ തകരാറുണ്ടാക്കാനും ഈ രോഗത്തിന് കഴിയും. ഒച്ചുകളില്‍ കാണപ്പെടുന്ന ആന്റിയോസ്‌ട്രോങ്ങ്‌ല്‌സ് കാന്റൊനെന്‍സിസ് (റാറ്റ് ലങ് വേം) എന്ന അണുക്കളാണ് ഇതിന് കാരണം. ഒച്ചുകളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലോ ഒച്ചിന്റെ ലാര്‍വ വസ്തുളിലൂടെയോ അണുബാധയേല്‍ക്കാം.സാധാരണ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായ കടുത്ത പനി, അലസത, ഛര്‍ദി തുടങ്ങിയവയാണ് ഇവയുടെയും ലക്ഷണങ്ങള്‍. എന്നാല്‍ മെനിഞ്ചൈറ്റിസിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ കൊണ്ട് ഈ രോഗലക്ഷണങ്ങള്‍ കുറയില്ല. സെറിബ്രോസപൈനല്‍ ദ്രാവകത്തില്‍ ഇസിനോഫിലുകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.