മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ റോക്സിന്റെ ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറില്‍ ലഭിച്ചത് 1,76,218 വാഹനങ്ങള്‍ക്കുള്ള ബുക്കിംഗ്. ഉത്തരേന്ത്യയിലെ ദസ്റ ആഘോഷങ്ങളുടെ സമയത്ത് വാഹനം ഡെലിവറി തുടങ്ങുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചത്. ഓരോ മിനിറ്റിലും 6,000 ഥാറുകളെന്ന നിലയിലായിരുന്നു ബുക്കിംഗ്. എം.എക്സ് 1, എം.എക്സ് 3, എ.എക്സ് 3എല്‍, എം.എക്സ് 5, എ.എക്സ് 5എല്‍, എ.എക്സ് 7എല്‍ എന്നിങ്ങനെ വിവിധ വകഭേദങ്ങളിലായി ഥാര്‍ റോക്സ് ഏഴ് നിറങ്ങളിലാണ് നിരത്തിലെത്തുന്നത്. 12.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് ഥാര്‍ റോക്സ് 5 ഡോറിന്റെ എക്സ് ഷോറൂം വില. ഡീസല്‍ എഞ്ചിനില്‍ മാത്രം ലഭിക്കുന്ന എം.എക്സ് 5 ഓഫ്റോഡ് വേര്‍ഷന് 18.79-22.49 ലക്ഷം രൂപ വരെയാണ് വില. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന് പുറമെ 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലും ഥാര്‍ ലഭ്യമാണ്.