തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് തെലങ്കാന പോലീസിന്റെ നോട്ടീസ്
തെലങ്കാന ഓപ്പറേഷൻ ലോട്ടസുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറായ തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് തെലങ്കാന പോലീസിന്റെ നോട്ടീസ്.
എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പോലീസ് സംഘമാണ് കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തി നോട്ടീസ് നൽകിയത്. ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. തുഷാറിന്റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.
തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന് ലോട്ടസ്’ പദ്ധതിക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്. ടി ആര് എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. എം എൽ എ മാരെ പണം നൽകി ചാക്കിലാക്കാൻ ബി ജെ പി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആര് ‘ ഓപ്പറേഷൻ ലോട്ടസ് ‘ ആരോപണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.