ആക്ഷന്‍ വിസ്മയം പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളും ഒപ്പം നര്‍മ്മവും വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമായി ‘ഇടിയന്‍ ചന്തു’ ഈ മാസം 19ന് തിയേറ്ററുകളില്‍ എത്തും. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍റ്റൈനര്‍ ആയാണ് എത്തുന്നത് എന്നാണ് പുറത്തിറങ്ങിയി ടീസര്‍ നല്‍കുന്ന സൂചന. ക്രിമിനല്‍ പൊലീസുകാരനായ അച്ഛനെ കണ്ടുവളര്‍ന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. അങ്ങനെ ഇടിയന്‍ ചന്ദ്രന്റെ മകന് നാട്ടുകാര്‍ ആ വട്ടപ്പേര് തന്നെ ചാര്‍ത്തിക്കൊടുത്തു ‘ഇടിയന്‍ ചന്തു’. ചന്തുവിന്റെ ഇടിയന്‍ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഓരോ ദിവസവും കൂടിക്കൊണ്ടിരുന്നു. ആ സ്വഭാവം തല്‍ക്കാലം മാറ്റിവെച്ച് പ്ലസ് ടു എങ്ങനെയെങ്കിലും പാസായി അച്ഛന്റെ ജോലി വാങ്ങിച്ചെടുക്കാനായി, അമ്മ വീടിനടുത്തുള്ള സ്‌കൂളില്‍ ചന്തുവിനെ പഠിപ്പിക്കാന്‍ വിടുന്നതിന് ശേഷമുള്ള പ്രശ്‌നങ്ങളും അതെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ സലിംകുമാറും മകന്‍ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. അതോടൊപ്പം ലാലു അലക്‌സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയന്‍, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുണ്‍, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍, സൂരജ്, കാര്‍ത്തിക്ക്, ഫുക്രു തുടങ്ങിയ വന്‍ താരനിരയും ഒന്നിക്കുന്നു. ശ്രീജിത്ത് വിജയന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബൈര്‍, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.