സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. ഒരു വിദ്യാര്‍ത്ഥിക്ക് എട്ടു രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.ആവശ്യത്തിനു പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കലാകായിക മേളകളുടെ നടത്തിപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാന അധ്യാപകരുടെ സംഘടന.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെയെയും ശശി തരൂരിനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് വരണാധികാരി മധുസൂദന്‍ മിസ്ത്രി. ഈ മാസം 17 ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. രാജ്യത്താകെ 69 ബൂത്തുകളുണ്ടാകും. 19 ന് വോട്ടെണ്ണും. ചട്ടം ലംഘിച്ച് പരസ്യ പിന്തുണ നല്‍കിയെന്ന് കേരളത്തിലെ നേതാക്കള്‍ക്കെതിരെ ശശി തരൂര്‍ പരാതി തന്നിട്ടില്ല. മറ്റൊരു സംസ്ഥാനത്തെ നേതാക്കള്‍ക്കെതിരേയുള്ള തരൂരിന്റെ പരാതി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരെ റിമോട്ട് കണ്‍ട്രോള്‍ എന്ന് അപമാനിക്കരുതെന്നും രാഹുല്‍ ഗാന്ധി.
കാസര്‍കോട് പള്ളിക്കരയില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിഷേധം. ബിആര്‍ഡിസിയുടെ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടുന്ന ചടങ്ങിലായിരുന്നു പ്രതിഷേധം. മന്ത്രി പങ്കെടുത്ത രണ്ടു പരിപാടികളുടെ സമയം മാറ്റിയത് അറിയിച്ചില്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. വേദിയില്‍ കയറാന്‍ വിസമ്മതിച്ച എംപിയെ മന്ത്രി അനുനയിപ്പിച്ച് വേദിയില്‍ കയറ്റി, പ്രസംഗിക്കുകയും ചെയ്തു.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരുമായി ഉമ്മന്‍ ചാണ്ടി സംസാരിച്ചു. നടക്കാന്‍ പ്രയാസമുള്ള ഉമ്മന്‍ ചാണ്ടിയെ ബിനീഷ് കൈപിടിച്ചാണ് കാറില്‍ കയറ്റിയത്.
മുക്കം തോട്ടുമുക്കത്ത് ക്രഷറില്‍ പാറപ്പൊട്ടിക്കുന്നതിനിടെ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തെ പാലക്കല്‍ ക്രഷറിലെ ജോലിക്കാരനായ നേപ്പോള്‍ സ്വദേശി സുപ്പലാല്‍ (30) ആണ് മരിച്ചത്.
മാളയില്‍ അതിഥി തൊഴിലാളിയെ തലക്കടിച്ചുകൊന്ന കേസിലെ പ്രതിയെ ആറു വര്‍ഷത്തിനുശേഷം പിടികൂടി. ആസാം സ്വദേശിയായ ഉമാനന്ദ് നാഥിനെ (35) കൊന്ന കേസില്‍ മനോജ് ബോറ (30) ആണ് പിടിയിലായത്. മൃതദേഹം കത്തിച്ചു കളഞ്ഞിരുന്നതിനാല്‍ ഇപ്പോള്‍ പിടികൂടിയ പ്രതിയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പൊലീസ് കരുതിയത്. എന്നാല്‍, മരിച്ചെന്നു കരുതിയ ആളാണ് പ്രതിയെന്ന് പിന്നീടാണ് വ്യക്തമായത്.
തൊപ്പി ധരിച്ചതു ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെ പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദിച്ചു. മലയാറ്റുരിലെ സ്‌കൂളിലാണ് സംഭവം. തലെ മാട്ടയടിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ ഇടിയേറ്റ് പ്രിന്‍സിപ്പാളിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റു. വിദ്യാര്‍ത്ഥിയുടെ ഭാവി പരിഗണിച്ച് പോലീസില്‍ പരാതി നല്‍കുന്നില്ലെന്ന് പ്രിന്‍സിപ്പലും മാനേജുമെന്റും. വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍നിന്ന് ടിസി നല്‍കി വിട്ടയച്ചു. പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂര്‍ പ്രചരണവുമായി മുംബൈയിലെത്തി. സ്വീകരിക്കാന്‍ വിരലിലെണ്ണാവുന്ന കുറച്ചുപേര്‍ മാത്രമാണ് എത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് നേതാക്കള്‍ ഗംഭീരമായ സ്വീകരണം നല്‍കിയിരുന്നു.