ടാറ്റയുടെ ആദ്യത്തെ മിഡ്‌സൈസ് ഇലക്ട്രിക് എസ്യുവി ഹാരിയര്‍ ഇവി ഉടന്‍ വിപണിയിലെത്തും. ടാറ്റയുടെ ജെന്‍ 2 ഇവി ആര്‍ക്കിടെച്ചറിലാണ് ഹാരിയര്‍ ഇവി നിര്‍മിക്കുന്നത്. ടാറ്റ വാഹനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ചുള്ള മോഡലായിരിക്കും ഹാരിയര്‍ ഇവി. ഫെയ്‌സ്ലിഫ്റ്റ് ഹാരിയറിന്റേതിന് സമാനമായ രൂപത്തില്‍ ക്ലോസ്ഡ് ഓഫ് ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ഇവി ബാഡ്ജിങ് എന്നിവയുണ്ട്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടര്‍ സെറ്റപ്പിലെത്തുന്ന ഹാരിയര്‍ ഇവിയില്‍ ഓള്‍ വീല്‍ ഡ്രൈവുമുണ്ടാവും. ബാറ്ററിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും 60 കിലോവാട്ട്അവര്‍ ബാറ്ററി പാക്കും 650 കിലോമീറ്റര്‍ റേഞ്ചും പ്രതീക്ഷിക്കാം. വെഹിക്കിള്‍ ടു ലോഡ്(വി2എല്‍), വെഹിക്കിള്‍ ടു വെഹിക്കിള്‍(വി2വി) ചാര്‍ജിങ് ഫീച്ചറുകളും ഹാരിയറില്‍ ടാറ്റ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ വില ആകാനാണ് സാധ്യത.