ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോര്‍ ബിഗ്ബാസ്കറ്റ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും. 2025 ഓടെ ബിഗ്ബാസ്കറ്റിന്റെ പ്രാരംഭ ഓഹരി വില്‍പ്പന നടന്നേക്കും. അതിന് മുമ്പ് കൂടുതല്‍ ഫണ്ട് സമാഹരണം നടത്തും. 200 മില്യണ്‍ ഡോളറാണ് ഈ ആഴ്ച ബിഗ്ബാസ്കറ്റ് സമാഹരിച്ചത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. 2021ല്‍ ആണ് ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ബിഗ്ബാസ്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ സ്വന്തമാക്കിയത്. ടാറ്റ പ്ലേ, ടാറ്റ ടെക്നോളജീസ് എന്നിവയ്ക്ക് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഐപിഒയ്ക്ക് ഒരുങ്ങുന്ന മൂന്നാമത്തെ കമ്പനി കൂടിയാണ് ബിഗ്ബാസ്കറ്റ്. രഹസ്യ ഫയലിംഗ് രീതിയില്‍ ഐപിഒയ്ക്കുള്ള രേഖകള്‍ സെബിയില്‍ ടാറ്റ പ്ലേ സമര്‍പ്പിച്ചിരുന്നു. 3000-3200 കോടി രൂപയാണ് ഐപിഒയിലൂടെ ടാറ്റ പ്ലേ ലക്ഷ്യമിടുന്നത്. ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്നോളജീസിന്റെ ഐപിഒയുടെ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലുണ്ടാവും. 2004ല്‍ ടിസിഎസ് ലിസ്റ്റ് ചെയ്തതിന് ശേഷം ഇതുവരെ ഒരു ടാറ്റ കമ്പനിയും വിപണിയിലെത്തിയിട്ടില്ല.