ബോക്‌സ് ഓഫീസില്‍ വലിയ വിജയങ്ങളില്ലെന്ന് ആരോപണമേറ്റ തമിഴ് സിനിമയില്‍ നിന്ന് ചില ശ്രദ്ധേയ ചിത്രങ്ങള്‍ ഈ വര്‍ഷം എത്തിയിരുന്നു. അതിലൊന്നാണ് മണികണ്ഠനെ നായകനാക്കി പ്രഭുറാം വ്യാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ലവര്‍’. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായികയായി എത്തിയത് ശ്രീ ഗൗരി പ്രിയയാണ്. ഫെബ്രുവരി 9 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയിരിക്കുന്നത്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. കണ്ണ രവി, ഹരീഷ് കുമാര്‍, ശരവണന്‍, ഗീത കൈലാസം, നിഖില ശങ്കര്‍, ഹരിണി, പിന്റു പാണ്ഡു, അരുണാചലേശ്വരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളില്‍ യുവരാജ് ഗണേശന്‍, മഗേഷ് രാജ് പസിലിയന്‍, നസെറത്ത് പസിലിയന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശക്തി ഫിലിം ഫാക്റ്ററി ആയിരുന്നു വിതരണം.