മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന എഴുത്തുകാരിലൊരാളായ ടി. പത്മനാഭന്റെ ജീവിതകഥ ആദ്യമായി സിനിമയാകുന്നു. കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് ആണ് ‘നളിനകാന്തി’ എന്ന പേരില്‍ ടി. പത്മനാഭന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുന്നത്. ‘നളിനകാന്തി’യില്‍ ടി. പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്രതാരം അനുമോള്‍, രാമചന്ദ്രന്, പത്മാവതി, കാര്‍ത്തിക് മണികണ്ഠന്, ശ്രീകല മുല്ലശ്ശേരി എന്നിവരും ഒന്നിക്കുന്നു. മൂന്നുവര്‍ഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് സുസ്മേഷ് ചന്ത്രോത്ത് നളിനകാന്തി പൂര്‍ത്തിയാക്കുന്നത്. ‘നിധി ചാല സുഖമാ’ എന്ന പ്രശസ്തമായ കഥയിലെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്. എന്‍. സ്വാമിയാണ്. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരും ചിത്രകാരികളുമായ ശ്രീജ പള്ളം, കന്നി എം, സചീന്ദ്രന്‍ കാറഡുക്ക, സുധീഷ് വേലായുധന് എന്നിവരുടെ പെയിന്റിംഗുകളും രേഖാചിത്രങ്ങളും സിനിമയുടെ കഥാഗതിയുടെ നിര്‍ണ്ണായകഭാഗമാകുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ണൂര്‍, പള്ളിക്കുന്ന്, എറണാകുളം, ചെറായി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ‘നളിനകാന്തി’ ജനുവരി മുതല്‍ പ്രദര്‍ശനം ആരംഭിക്കും.