ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗിയുടെ നഷ്ടം 2022 സാമ്പത്തിക വര്‍ഷത്തില്‍ 3,629 കോടി രൂപയായി. 2021ല്‍ നഷ്ടം 1,617 കോടി രൂപയായിരുന്നു. മൊത്തം ചെലവുകള്‍ 131 ശതമാനമാണ് ഉയര്‍ന്നത്. ഇത് 9,574.5 കോടി രൂപയായി വര്‍ദ്ധിച്ചു. അതേസമയം, സ്വിഗിയുടെ വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 2,547 കോടി രൂപയില്‍ നിന്ന് 2.2 മടങ്ങ് വര്‍ദ്ധിച്ച് 5,705 കോടി രൂപയായി. പരസ്യ, പ്രൊമോഷണല്‍ ചെലവുകളില്‍ 4 മടങ്ങാണ് വര്‍ദ്ധന. ഇത് 1,848.7 കോടി രൂപ വരും. അതേസമയം പുതുവര്‍ഷത്തലേന്ന് സ്വിഗ്ഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറുകള്‍. രാത്രി 10.25 ഓടെ ആപ്പ് രാജ്യത്തുടനീളം 61,000 പിസ്സകള്‍ ഡെലിവര്‍ ചെയ്തതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ട്വിറ്ററില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 75.4 ശതമാനം ഓര്‍ഡറുകള്‍ ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു. ലക്നോവിയ്ക്ക് 14.2 ശതമാനവും, കൊല്‍ക്കത്ത-10.4 ശതമാനവും ഓര്‍ഡര്‍ ലഭിച്ചെന്നാണ് സ്വിഗ്ഗി പറയുന്നത്. 3.50 ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചതോടെ ഏറ്റവും കൂടുതല്‍ ഡെലിവര്‍ ചെയ്ത ഇനം ബിരിയാണിയാണ്.