മലയാളി താരം സ്വാസിക പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം ‘ലബ്ബര്‍ പന്ത്’ (റബ്ബര്‍ പന്ത്) കോളിവുഡില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. തമിഴരസന് പച്ചമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്നു. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 75 ലക്ഷം (നെറ്റ് കളക്ഷന്‍) മാത്രമായിരുന്നു. എന്നാല്‍ ആദ്യ ദിനത്തിലെ പോസിറ്റീവ് അഭിപ്രായം രണ്ടാം ദിനത്തെ കളക്ഷന്‍ 1.5 കോടിയിലെത്തിച്ചു. മൂന്നാം ദിനം അത് 2 കോടിയായും വര്‍ധിച്ചു. 11 ദിവസം പിന്നിട്ട ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 16.10 കോടിയാണ്. റിലീസിന് ശേഷമുള്ള രണ്ടാമത്തെ തിങ്കളാഴ്ചയായ ഇന്നലെയും ചിത്രം 1.15 കോടി നേടി. 5 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, ആട്ടക്കത്തി ദിനേശ്, സഞ്ജന കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.