കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന് കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികളായ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നീ നാലു പേരെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. സൈനികനും സഹോദരനുമെതിരേ കള്ളക്കേസ് കെട്ടിച്ചമച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. മുപ്പത്തിമൂന്നാം തവണയാണ് മാറ്റി വയ്ക്കുന്നത് . കേസ് വീണ്ടും നവംബർ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വ്യക്തമാക്കി. 2017 മുതൽ കോടതിയിലുള്ള കേസാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടായേക്കും. വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു.
അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനം രാജിക്ക് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ മുറവിളിയെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. ജനാഭിലാഷം പാലിക്കാനായില്ലെന്നും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും ലിസ്‍ട്രസ് അറിയിച്ചു.ധനമന്ത്രി ക്വാസി കാർട്ടെങ്ങ് , ഹോം സെക്രട്ടറി എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ രാജി വച്ചിരുന്നു.
ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്, ബലാത്സംഗ പരാതി ഉന്നയിക്കാൻ വൈകിയത് കണക്കിലെടുത്ത്. ഉന്നത യോഗ്യതകൾ ഉള്ള ആളാണെന്നും ഇര ഒരിക്കലും തടവിൽ ആയിരുന്നില്ല എന്നതും കോടതി ചൂണ്ടിക്കാട്ടി. എം എൽ എ ആയ ആരോപിതന് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതിനാലും ഉപധികളോടെ ജാമ്യം അനുവദിക്കാൻ കാരണമായി.
ശശി തരൂരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി. പരാതികളിന്മേൽ സമിതി എടുത്ത നടപടികളിൽ തൃപ്തി അറിയിക്കുമ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ ചെളിവാരി തേക്കുകയാണ് തരൂർ ചെയ്തത്. ഇതിൽ നിന്നും തരൂരിന് ഇരട്ട മുഖമെന്ന് മനസ്സിലാക്കുന്നതായി മധുസൂദൻ മിസ്ത്രി ആരോപിച്ചു. ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പിസിസികള്‍ പോളിംഗ് അട്ടിമറിച്ചുെവെന്ന ഗുരുതരമായ പരാതിയിലും മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം.
പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ, ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കഴിഞ്ഞ മാസമാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പൊലീസുകാരൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.