സുരാജ് വെഞ്ഞാറമ്മൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹിഗ്വിറ്റ’ ട്രെയിലര്‍ എത്തി. കണ്ണൂരുള്ള പന്ന്യന്നൂര്‍ മുകുന്ദന്‍ എന്ന രാഷ്ട്രീയ നേതാവായി സുരാജ് ചിത്രത്തിലെത്തുന്നു. സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്നു വ്യക്തം. നേരത്തെ ഹിഗ്വിറ്റ എന്ന പേരിടുന്നത് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എതിര്‍ത്തതോടെ സിനിമ വിവാദത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരില്‍ റജിസ്‌ട്രേഷന്‍ നല്‍കില്ലെന്ന് നേരത്തെ ഫിലിം ചേംബര്‍ നിലപാട് എടുത്തിരുന്നു. പേര് മാറ്റില്ലെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുകയും ചെയ്തു. വിവാദം കെട്ടടങ്ങി ചിത്രം ഈ മാസം അവസാനം റിലീസിനു തയാറെടുക്കുകയാണ്. ആലപ്പുഴയിലെ ഫുട്ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു. സമകാലിക രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രം.