qa 2

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘മേ ഹും മൂസ’യിലെ പുതിയ ഗാനം ‘കിസ തുന്നിയ തട്ടവുമിട്ട്’പുറത്തുവിട്ടു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരന്‍ ആണ്. ബിജിബാലും ജിന്‍ഷ കെ നാണുവും ചേര്‍ന്നാണ് മനോഹരമായ മെലഡി പാടിയിരിക്കുന്നത്. മലയാള നാടിന്റെ, മലമ്പാറിന്റെ ലാളിത്യവും മനോഹാരിതയും തുളുമ്പുന്ന രീതിയിലാണ് ഗാനം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ, എന്നിവരും തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ്. ബോളിവുഡ് താരം ദിഷാ പതാനിയാണ് ചിത്രത്തിലെ നായികയാകുക എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് ഒരു പീരീഡ് ഡ്രാമ ആയിരിക്കും എന്ന വിവരങ്ങളും പുറത്തുവരുന്നു. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്. കെ ഇ ജ്ഞാനവേല്‍ രാജ ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിലാണ് നിര്‍മാണം.

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ കുറവ്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിദേശനാണ്യ കരുതല്‍ ശേഖരമിപ്പോള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതാണ് വിദേശനാണ്യ കരുതല്‍ ശേഖരത്തേയും സ്വാധീനിക്കുന്നത്. 80 രൂപക്ക് മുകളിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം നടത്തുന്നത്.ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 6.687 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 564.053 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞയാഴ്ച കരുതല്‍ ധനശേഖരം 2.238 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 570.74 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. രാജ്യത്തിന്റെ സ്വര്‍ണശേഖരത്തിലും ഇടിവാണ് രേഖപ്പെടുത്തിയതത്. സ്വര്‍ണശേഖരം 704 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 39.914 ഡോളറിലേക്ക് എത്തി. ഐ.എം.എഫിലെ രാജ്യത്തിന്റെ കരുതല്‍ ധനശേഖരം 58 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 4.936 ബില്യണിലേക്ക് എത്തി.

രാജ്യത്തെ മുന്‍നിര ഫിന്‍ടെക് സ്ഥാപനമായ ഭാരത് പേയുടെ വാര്‍ഷിക ഇടപാടുകള്‍ റെക്കോര്‍ഡ് നിലവാരത്തില്‍. പേയ്‌മെന്റ് എക്കാലത്തെയും ഉയര്‍ന്ന 20 ബില്യണ്‍ ഡോളറിലെത്തിയാതായി ഭാരത് പേ അറിയിച്ചു. രാജ്യത്തെ പ്രവര്‍ത്തനം 100 നഗരങ്ങളില്‍ നിന്നും 400 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചതായി ഭാരത് പേ വ്യക്തമാക്കുന്നു. 2023 മാര്‍ച്ചോടെ 30 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ എന്ന ലക്ഷ്യത്തെ മറികടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം, ഭാരത്പെ ഇതേ സമയം 300 നഗരങ്ങളിലേക്ക് തങ്ങളുടെ വ്യാപാരം വളര്‍ത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 66,000 വ്യാപാരികളില്‍ നിന്ന് 1.2 ലക്ഷത്തിലധികം വ്യാപാരികളുമായി ഇടപാടുകള്‍ നടത്തിയതായി കമ്പനി അറിയിച്ചു.

മൂന്ന് നിരകളുള്ള സഫാരി എസ്യുവിയുടെ പുതിയ പ്രത്യേക പതിപ്പ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. ടാറ്റ സഫാരി ജെറ്റ് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പതിപ്പ് 21.45 ലക്ഷം രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയില്‍ ലഭ്യമാണ്. ഇത് നാല് വേരിയന്റുകളില്‍ ലഭിക്കും. കൂടാതെ ആറ്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. വാഹനത്തില്‍ പുതിയ സ്റ്റാര്‍ലൈറ്റ് എക്സ്റ്റീരിയര്‍ ഷേഡും കമ്പനി അവതരിപ്പിക്കുന്നു. ഇത് പ്ലാറ്റിനം സില്‍വര്‍ റൂഫിനൊപ്പം മണ്ണിന്റെ വെങ്കല നിറവും സംയോജിപ്പിച്ചിരിക്കുന്നു. വിഷ്വല്‍ ഇഫക്റ്റ് ഉയര്‍ത്തുന്നത് ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളും സില്‍വര്‍ ഫോര്‍ ആന്‍ഡ് ആഫ്റ്റ് സ്‌കിഡ് പ്ലേറ്റുകളുമാണ്. സ്റ്റാന്‍ഡേര്‍ഡ് എക്‌സ്ഇസെഡ്+ വേരിയന്റിനെ അടിസ്ഥാനമാക്കി, ജെറ്റ് എഡിഷന് 30,000 രൂപ കൂടുതലാണ്.

”ഭ്രാന്തരില്‍ ഭ്രാന്തനായ വ്യക്തി ഞാനല്ല. അന്യവ്യക്തികളുടെ വികാരങ്ങള്‍ കണ്ടെത്തി സഹൃദയരുടെ ചുണ്ടുകളിലെത്തിക്കാനാവുമെങ്കിലും എനിക്കെന്റെ മാത്രം വികാരങ്ങള്‍ സൃഷ്ടിക്കാനാവില്ല. ഭാഷയ്ക്കു കണ്ടെത്താന്‍ കഴിയാത്ത ആഗ്രഹങ്ങളാണ് ഭ്രാന്തന്റേത്. അതെനിക്ക് കണ്ടെത്തി ആവിഷ്‌ക്കരിക്കാന്‍ ഈ ഭ്രാന്തനിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു സ്‌നേഹിതന്റെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെയാണ് ഭാഷ ഉപയോഗിച്ചിരിക്കുന്നത്”. ‘ഉന്മാദി’. ഖലീല്‍ ജിബ്രാന്‍. പരിഭാഷ – മിഹമ്മദ് ജുമാന്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 104 രൂപ.

ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ഏറെ പ്രധാന്യമേറിയതാണ് ഉറക്കം. മാനസിക-ശാരീരിക സൗഖ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. എന്നാല്‍ രാത്രിയില്‍ ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കം കിട്ടാത്ത നിരവധി പേരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കം പലര്‍ക്കും നഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കാം. രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉറക്കവുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇന്ന് ശാസ്ത്ര ലോകത്ത് നടക്കുന്നുണ്ട്. ഇപ്പോഴിതാ ഉറക്കക്കുറവ് ഒരാളെ സ്വാര്‍ഥരാക്കും എന്നാണ് പുതിയൊരു പഠനം പറയുന്നത്. ‘പ്ലോസ് ബയോളജി’ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഉറക്കമില്ലാത്ത രാത്രികള്‍ ഒരാളെ സ്വാര്‍ഥരാക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഉറക്കം മതിയായി ലഭിക്കാത്ത ഒരാളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം സ്വാര്‍ഥരാകുന്നതാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. കാലിഫോര്‍ണിയ, ബെര്‍ക്ലി സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഉറക്കം കുറയുന്നതോടെ മറ്റൊരാളെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്സിന് മാറ്റം വരുമെന്നും പഠനത്തില്‍ പറയുന്നു. ഉറക്കക്കുറവ് ഒരാളുടെ വൈകാരിക അവസ്ഥയെ മാറ്റുന്നതിനൊപ്പം സാമൂഹിക ഇടത്തിലുള്ള പെരുമാറ്റങ്ങളെയും ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നുണ്ട്. ഉറക്കക്കുറവ് തടയാനായി ഉറക്കത്തിന് അനുകൂലമായ സാഹചര്യം, കൃത്യമായ സമയം ഉറപ്പുവരുത്തുക. പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. അതിനാല്‍ ലൈറ്റ് ഓഫ് ആക്കിയതിന് ശേഷം ഉറങ്ങുക. ഉറങ്ങാനുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ചായ, കാപ്പി, കോള എന്നിവ രാത്രി കുടിക്കാതിരിക്കാന്‍ ശ്രമിക്കുക. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ പരീക്ഷിക്കുക. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *