പ്രവീണ്‍ വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആര്‍ ഷാജിയുടെ ജയിൽ മോചന ഹർജിയിൽ സുപ്രീം കോടതി സംസ്ഥാനത്തിന് അടിയന്തിര നോട്ടീസയച്ചു.ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻ ഷു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാറിനെ അടിയന്തര നോട്ടീസ് അയച്ചത്.സ്റ്റാൻഡിംഗ് കൗൺസൽ വഴിയാണ് സർക്കാരിന് നോട്ടീസ് നൽകുക. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി നിർദ്ദേശം.
പതിനേഴ് വർഷമായി താൻ ജയിലാണെന്നും മോചനം നല്‍കണമെന്നുമാണ് ഷാജി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. മുൻപ് ഷാജിക്ക് ജയിൽ മോചനത്തിനുള്ള വഴി ഒരുങ്ങിയതായിരുന്നു. ജയിലിലെ നല്ല നടപ്പും പെരുമാറ്റവും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ജയിൽ മോചനത്തിനായുള്ള ശുപാർശ പട്ടികയിൽ ഷാജിയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്‍റെ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകന്‍ സര്‍ക്കാറിന് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് വിട്ടയക്കല്‍ പട്ടികയില്‍ നിന്നും സര്‍ക്കാര്‍ ഷാജിയുടെ പേര് നീക്കം ചെയ്തത്.
2005 ൽ പള്ളുരുത്തി സ്വദേശിയായ പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ഷാജി ജയിലില്‍തന്നെ തുടരുകയാണ്. ഇതേ തുടര്‍ന്നാണ് വിട്ടയാക്കാനുള്ള ശുപാര്‍ശയില്‍ ആര്‍ ഷാജിയുടെ പേരും ഉള്‍പ്പെടുത്തിയതിരുന്നതും പിന്നീട് പരാതിയെ തുടര്‍ന്ന് പിന്‍വലിച്ചതും.