വൈരാഗ്യവും ദേഷ്യവുമൊക്കെ ഉള്ളില്‍ ഒതുക്കുന്നവരാണോ നിങ്ങള്‍? ഹൃദയാരോഗ്യത്തെ ഈ ശീലം നേരിട്ട് ബാധിച്ചേക്കാമെന്ന് പുതിയ പഠനം. ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതിന് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയും പ്രധാന ഘടകമാണെന്ന് ടെക്‌സാസ് സര്‍വകലാശ ഗവേഷകന്‍ ആദം ഒറിയോര്‍ഡന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ദേഷ്യം ട്രിഗര്‍ ആവുകയും എന്നാല്‍ അത് അടിച്ചമര്‍ത്തുകയും ചെയ്യുന്നത് ഹൃദയാരോഗ്യം മോശമാക്കുന്നതിലേക്ക് നയിക്കുമെന്നും ഫിസിയോളജി ആന്റ് ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കോപത്തിനെ തുടര്‍ന്ന് ഉണ്ടാകുന്ന സമ്മര്‍ദ പ്രതികരണങ്ങളാണ് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നത്. നിയന്ത്രിത സമ്മര്‍ദ പരിശോധനയ്ക്ക് വിധേയരായ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിഡ്ലൈഫ് ഡെവലപ്മെന്റ് ഡാറ്റാസെറ്റില്‍ നിന്നുള്ള 699 പേരാണ് പഠനത്തിന്റെ ഭാഗമായത്. അവരുടെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും പഠനത്തിലുടനീളം പരിശോധിച്ചു. പ്രധനമായും കോപത്തിന്റെ രണ്ട് വശങ്ങളാണ് പരിശോധിച്ചത്. ഒന്ന്- കോപത്തിന്റെ സ്വഭാവം, രണ്ട്- കോപ പ്രതികരണം. ആളുകളെ മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു പഠനം നടത്തിയത്. സാധാരണഗതിയില്‍ കോപം ബാഹ്യമായി പ്രകടിപ്പിക്കുന്നവര്‍ അല്ലെങ്കില്‍ കോപത്തിന്മേല്‍ പരിമിതമായ നിയന്ത്രണമുള്ളവരിലും ഇത് മൂലമുണ്ടാകുന്ന ഹൃദയപ്രശ്‌നങ്ങള്‍ കുറമാണെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ കോപത്തിന്‍ മേല്‍ ഉയര്‍ന്ന നിയന്ത്രണമുള്ളവരില്‍ ഹൃദയാരോഗ്യം മികച്ചതായും കണ്ടെത്തിയതായി പഠനം പറയുന്നു.