തെരുവുനായ ശല്യം പരിഹരിക്കാന്‍ വന്ധ്യംകരണത്തിന് 152 ബ്ലോക്കു പഞ്ചായത്തുകളില്‍ എബിസി സെന്ററുകള്‍ സജ്ജമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. നാളെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് കര്‍മ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. (ഈ ലോകം ആരുടേതാണ്? ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ്: https://youtu.be/_HIISe_ONuI )
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു തിരുവനന്തപുരം ജില്ലയില്‍ ആവേശോജ്വല സ്വീകരണം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയ നേതാക്കള്‍ രാവിലെ മുതല്‍ രാഹുലിനൊപ്പം നടന്നു. നെയ്യാറ്റിന്‍കരയില്‍ സ്വാതന്ത്ര്യ സമര സേനാനി ജി. രാമചന്ദ്രന്റെ വസതിയിലാണ് ഉച്ചയോടെ യാത്ര സമാപിച്ചത്. വൈകുന്നേരം നേമത്താണു യാത്ര സമാപിക്കുക.
വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കുശേഷമാകും കൂടിക്കാഴ്ച. കെ റെയില്‍ വിരുദ്ധ സമരക്കാരെ രാഹുല്‍ ഇന്ന് കണ്ടു. മറ്റു സമര സമിതി നേതാക്കളെ നാളെ കാണുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയാറാം രമേശ്.
പൊതുജനങ്ങളുടെ അന്ത്യോപചാരങ്ങളേറ്റു വാങ്ങി എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് എഡിന്‍ബര്‍ഗിലേക്ക്. സ്‌കോട്ട്ലാന്‍ഡിലെ ബാല്‍മോറല്‍ പാലസില്‍നിന്ന് റോഡ് മാര്‍ഗമാണ് അവിടെ എത്തിക്കുന്നത്. ഹോളിറൂഡ് ഹൗസിലാണ് മൃതദേഹം സൂക്ഷിക്കുക. രാജ്ഞിയുടെ മകളായ ആന്‍ രാജകുമാരി മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഈ മാസം പത്തൊന്‍പതിന് വെസ്റ്റ് മിന്‍സ്റ്റര്‍ ആബേയിലാണ് സംസ്‌കാരം. ഇന്ത്യയില്‍ ഇന്ന് ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
കെ ഫോണ്‍ പദ്ധതിക്കു കേബിള്‍ ശൃംഖല സ്ഥാപിക്കാന്‍ നല്‍കിയ കരാറുകളില്‍ ക്രമക്കേടുകള്‍. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാന്‍ നല്‍കിയ ഉപകരാറുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ കമ്പനി സംസ്ഥാനത്തെ ഓഫീസ് തന്നെ അടച്ചുപൂട്ടി. ഭാരത് ഇലട്രോണിക്സും എസ്ആര്‍ഐടിയും റെയില്‍ ടെല്‍ കോര്‍പ്പറേഷനും എല്‍എസ് കേബിളും അടക്കം നാലു കമ്പനികളുടെ കണ്‍സോഷ്യത്തിനാണ് കെ ഫോണിന്റെ നടത്തിപ്പു ചുമതല നല്‍കിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരം ഉണ്ടാകണമെന്നും തെരഞ്ഞെടുപ്പു പാര്‍ട്ടിയെ ശക്തമാക്കുമെന്നും ശശി തരൂര്‍ എംപി. വോട്ടര്‍പട്ടിക വേണമെന്ന തന്റെ ആവശ്യം റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ മൂന്നാം റാങ്ക് മലയാളിയായ തോമസ് ബിജു ചീരംവേലിന്. തിരുവനന്തപുരം സ്വദേശിയായ തോമസ് ബിജു കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയിരുന്നു. ഒന്നാം റാങ്ക് നേടിയ ആര്‍ കെ ശിശിറിന് 360 ല്‍ 314 മാര്‍ക്കുണ്ട്.
ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ ഇന്നു പുലിക്കളി. വിയ്യൂര്‍, കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ നഗര്‍ എന്നീ അഞ്ചു സംഘങ്ങളിലായി മുന്നൂറോളം പുലി കലാകാരന്മാരാണ് പുലികളിക്കുള്ളത്. പെണ്‍പുലികളും കുട്ടിപ്പുലികളും ഉണ്ടാകും. ഓരോ സംഘത്തിലും 50 മുതല്‍ 70 വരെ പുലികളുണ്ടാകും. വൈകുന്നേരം പുലിക്കളി നടക്കുന്നതിനാല്‍ ഉച്ചമുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 50 പള്ളിയോടങ്ങള്‍ പമ്പയാറ്റില്‍ ആറന്മുള ശൈലിയില്‍ തുഴയെറിയും. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയാണ് വള്ളംകളി.