ഗൗതം മേനോന്റെ സംവിധാനത്തില്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന ‘ധ്രുവനച്ചത്തിരം’ കാണാന്‍ പ്രേക്ഷകര്‍ക്ക് ഇനിയും കാത്തിരിക്കണം. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്താനിരിക്കെയാണ് റിലീസ് വീണ്ടും മാറ്റിയത്. സ്പൈ ത്രില്ലറായി രണ്ടു ഭാഗങ്ങളിലെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമായ യുദ്ധകാണ്ഡമായിരുന്നു പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ ബുക്കിങ് ഉള്‍പ്പെടെ ആരംഭിച്ചിരുന്നു. സിനിമ ചെയ്യുന്നതിനായി ഗൗതം മേനോന് പ്രമുഖ ബാനറില്‍ നിന്നും വാങ്ങിയ 2.6 കോടി തിരിച്ചുകൊടുക്കാത്തതാണ് പ്രശ്നമെന്നാണ് വിവരം. കടം വാങ്ങിയ പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ പണം കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് റിലീസ് മാറ്റിയത്. മാത്രമല്ല ഈ സിനിമയുടെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോകാത്തതും തിരിച്ചടിയായി. വിക്രം സ്പൈ ഏജന്റ് ആയി എത്തുന്ന ചിത്രത്തില്‍ വിനായകന് ആണ് വില്ലന്‍. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. ഋതു വര്‍മ്മ, സിമ്രാന്, ആര് പാര്ഥിപന്, ഐശ്വര്യ രാജേഷ്, വിനായകന്, രാധിക ശരത്കുമാര്, ദിവ്യ ദര്‍ശിനി എന്നീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
‘ധ്രുവനച്ചത്തിരം’ കാണാന്‍ ഇനിയും കാത്തിരിക്കണം!
