ആഗോള തലത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി സ്റ്റാര്‍ലിങ്ക്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 15 ലക്ഷം വരിക്കാരാണ് സ്റ്റാര്‍ലിങ്കിന് ഉള്ളത്. കഴിഞ്ഞ ഡിസംബറില്‍ വരിക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. വെറും മൂന്ന് മാസം കൊണ്ടാണ് 5 ലക്ഷത്തിലധികം ഉപഭോക്താക്കളെ നേടിയെടുത്തതെന്ന് സ്റ്റാര്‍ലിങ്ക് വ്യക്തമാക്കി. സ്‌പേസ് എക്‌സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമാണ് സ്റ്റാര്‍ലിങ്ക്. സ്റ്റാര്‍ലിങ്കിന്റെ നേട്ടം അറിയിച്ചുകൊണ്ട് ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക് ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പരമ്പരാഗത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഭൂപ്രദേശങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങളുടെ സഹായത്തോടെ തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ദൃശ്യമാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ നേതൃത്വത്തില്‍ കമ്പനി ഇതിനോടകം 3,000- ത്തിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. 42,000 ഉപകരണങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.