ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗതാഗത, ഉപഗ്രഹ നിര്‍മ്മാണ കമ്പനിയായ സ്പേസ് എക്സ് ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. ഈ ഓഹരി വില്‍പ്പന സ്പേസ് എക്സിനെ 750 ബില്യണ്‍ ഡോളറിനും 800 ബില്യണ്‍ ഡോളറിനും ഇടയില്‍ വിപണി മൂല്യമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാക്കി മാറ്റും. ഇത് 500 ബില്യണ്‍ ഡോളര്‍ മൂല്യം നേടി റെക്കോര്‍ഡ് സ്ഥാപിച്ച ഓപ്പണ്‍ എഐയെ മറികടക്കും. ഓഹരിയൊന്നിന് 400 ഡോളറില്‍ കൂടുതലാണ് നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വില. ഈ നീക്കം ജീവനക്കാര്‍ക്കും ആദ്യകാല നിക്ഷേപകര്‍ക്കും അവരുടെ ഓഹരികള്‍ വില്‍ക്കാന്‍ അവസരം നല്‍കുന്നു. സ്പേസ് എക്സിന്റെ ഇന്‍സൈഡര്‍ ഓഹരി വില്‍പ്പനയുടെ വിശദാംശങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് ടെക്സാസിലെ സ്റ്റാര്‍ബേസ് ഹബില്‍ ചര്‍ച്ച ചെയ്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പേസ് എക്സ് 2026-ന്റെ രണ്ടാം പകുതിയിലാണ് ഐ.പി.ഒ ലക്ഷ്യമിടുന്നത്.
