ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഓ മേരി ലൈല എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്റണി എത്തുന്ന ചിത്രമാണിത്. ‘കരളോ വെറുതെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം പാടിയത് സിദ് ശ്രീറാം ആണ്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക.

തമിഴകത്ത് തുടര്‍ വിജയങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്ന കാര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സര്‍ദാര്‍’. പി എസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്തതത്. ബോക്‌സ് ഓഫീസില്‍ വന്‍ തരംഗമുണ്ടാക്കാന്‍ ‘സര്‍ദാറി’ന് കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്ന് ‘സര്‍ദാര്‍’ 6.91 കോടി രൂപയാണ് നേടിയിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. കാര്‍ത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് വര്‍ദ്ധിച്ചത്. ദീപാവലി വിപണിയില്‍ സ്വര്‍ണ വ്യാപാരം പൊടിപൊടിക്കവേയാണ് വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് രണ്ട് ദിവസങ്ങളിലായി ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് 75 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3895 രൂപയാണ്. 65 രൂപയാണ് കുത്തനെ ഉയര്‍ന്നത്.

ഇന്ത്യയില്‍ നിന്ന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വന്‍ കുറവ്. മുഖ്യമായും ബംഗ്‌ളാദേശും നേപ്പാളും വാങ്ങല്‍ കുറച്ചതാണ് തിരിച്ചടി. ഈ രാജ്യങ്ങള്‍ വിദേശ നാണയശേഖരത്തില്‍ വന്‍ ഇടിവ് നേരിടുന്നുണ്ട്. പ്രതിസന്ധി തരണം ചെയ്യാനായി ഇവ ഇറക്കുമതി നിയന്ത്രിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി താഴ്ന്നത്. നടപ്പുവര്‍ഷം ആഗസ്റ്റ് വരെ കയറ്റുമതി 10.7 ശതമാനം കുറഞ്ഞ് 1,190 കോടി ഡോളറാണ്. ആഗസ്റ്റില്‍ മാത്രം കയറ്റുമതി 10.5 ശതമാനം കുറഞ്ഞ് 210 കോടി ഡോളറിലെത്തി. ഇന്ത്യയ്ക്ക് പുറമേ ബംഗ്‌ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നിവയാണ് ദക്ഷിണേഷ്യയിലുള്ളത്. ഇതില്‍ പാകിസ്ഥാന്‍ ഒഴികെയുള്ളവയുടെ ഉത്പന്ന ഇറക്കുമതിയുടെ മുഖ്യ സ്രോതസാണ് ഇന്ത്യ. ആഗസ്റ്റില്‍ ഇന്ത്യയുടെ മൊത്തം വാണിജ്യ കയറ്റുമതി 10.6 ശതമാനം ഉയര്‍ന്ന് 3,690 കോടി ഡോളറാണ്.

റേഞ്ച് റോവറിന്റെ എസ്‌യുവി സ്വന്തമാക്കി വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. റേഞ്ച് റോവര്‍ നിരയിലെ ചെറു എസ്‌യുവി ഇവോക്കാണ് വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരം സ്വന്തമാക്കിയത്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുമായി എത്തുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 72.09 ലക്ഷം രൂപയിലാണ്. ഇവോക്കിലെ രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിന്‍ 150 കിലോവാട്ട് കരുത്ത് ഉല്‍പാദിപ്പിക്കും. രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍, പെട്രോള്‍ എന്‍ജിന്റെ കരുത്ത് 184 കിലോവാട്ടും. ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ടിലെത്തുന്ന കാറിലുള്ളത് ഒന്‍പതു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ്. ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ ഉയര്‍ന്ന വേഗം 213 കിലോമീറ്ററും പെട്രോളിന്റേത് 230 കിലോമീറ്ററുമാണ്.

ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ഇരുപതു കഥകളുടെ സമാഹാരമാണ് സ്മിത ദാസിന്റെ ‘ ശംഖുപുഷ്പങ്ങള്‍ ‘. അങ്ങേയറ്റം പാരായണക്ഷമമായ കഥകള്‍. ഈ കഥകളില്‍ ജീവിതമുണ്ട്. ഇതുവരെ കേള്‍ക്കാത്ത സ്ത്രീയുടെ അപൂര്‍വ്വവ്യത്യസ്തമായ സ്വരമുണ്ട്. നാട്ടുകഥപറച്ചിലിന്റെ സ്വാഭാവികതയുണ്ട്. ഏറ്റവും നവീനമായ കഥാഖ്യാനത്തിന്റെ ശില്‍പത്രന്തവുമുണ്ട്. സീഡ് ബുക്‌സ്. വില 132 രൂപ.

ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം. ഓരോ ദിവസവും ചെറിയ അളവില്‍ ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് ഉത്തമമായ ഷോര്‍ട്ട്-ചെയിന്‍ ഫാറ്റി ആസിഡ് ബ്യൂട്ടിറേറ്റിന്റെ സമന്വയത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുതായി പഠനം പറയുന്നു. ലണ്ടന്‍ കിംഗ്‌സ് കോളേജിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കുടല്‍ സൂക്ഷ്മാണുക്കളുടെ ഘടനയില്‍ മുഴുവനും പൊടിച്ചതുമായ ബദാമിന്റെ സ്വാധീനത്തെക്കുറിച്ച് പരിശോധിച്ചു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പഠനം പ്രസിദ്ധീകരിച്ചു. കുടലില്‍ വസിക്കുന്ന ആയിരക്കണക്കിന് സൂക്ഷ്മാണുക്കള്‍ അടങ്ങിയതാണ് ഗട്ട് മൈക്രോബയോം. പോഷകങ്ങള്‍ ദഹിപ്പിക്കുന്നതില്‍ ഇവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല നമ്മുടെ ദഹന, രോഗപ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ ആരോഗ്യത്തെ പോസിറ്റീവോ പ്രതികൂലമോ ആയ സ്വാധീനം ചെലുത്തും. ബദാം കഴിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള വിധത്തില്‍ ബാക്ടീരിയല്‍ മെറ്റബോളിസത്തിന് ഗുണം ചെയ്യുമെന്ന് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.54, പൗണ്ട് – 93.31, യൂറോ – 81.40, സ്വിസ് ഫ്രാങ്ക് – 82.71, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.45, ബഹറിന്‍ ദിനാര്‍ – 218.97, കുവൈത്ത് ദിനാര്‍ -266.15, ഒമാനി റിയാല്‍ – 214.36, സൗദി റിയാല്‍ – 21.96, യു.എ.ഇ ദിര്‍ഹം – 22.47, ഖത്തര്‍ റിയാല്‍ – 22.67, കനേഡിയന്‍ ഡോളര്‍ – 60.52.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *