ലോക പ്രശസ്ത ഗായികയും ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായികയുമായ സെബ് ബംഗാഷ് ആദ്യമായി മലയാള സിനിമയില്‍ ആലപിച്ച ‘വടക്കന്‍’ സിനിമയിലെ ഗാനം പുറത്തിറങ്ങി. പൂര്‍ണ്ണമായും ഉത്തരധ്രുവത്തില്‍ ഫിന്‍ലന്‍ഡില്‍ മഞ്ഞു പെയ്യുന്ന സമയത്ത് ചിത്രീകരിച്ച മനോഹരമായ പ്രണയ ഗാനം ആസ്വാദക മനം കവരുന്നതാണ്. ഇതിനകം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അടുത്തിടെ തിയേറ്ററുകളില്‍ എത്തി ഏറെ ശ്രദ്ധ നേടുകയും ചെയ്ത മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ ‘വടക്കന്‍’ സിനിമയിലെ ‘രംഗ് ലിഖ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്ത ‘വടക്കനി’ല്‍ തെന്നിന്ത്യന്‍ താരങ്ങളായ കിഷോര്‍, സ്വാതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കന്‍’ ഒരുക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കുന്നു. മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്‌സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.