ചായക്കച്ചവടക്കാരന്റെ മകന് അഖിലേന്ത്യാ തലത്തിലുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ പത്താം റാങ്ക്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ വൈഭവ് മഹേശ്വരിയാണ് ഇങ്ങനെ തിളക്കമുള്ള വിജയം കൈവരിച്ചത്. കഴിഞ്ഞ നവംബറില്‍ നടന്ന പരീക്ഷയില്‍ എണ്ണൂറില്‍ 589 മാര്‍ക്കാണ് വൈഭവ് നേടിയത്.
ജയ്പൂരിലെ മാനസരോവറില്‍ ചായയും കച്ചോരിയും വില്‍ക്കുന്ന ചെറിയ കടയില്‍നിന്നുള്ള വരുമാനംകൊണ്ടാണ് വൈഭവിന്റെ പിതാവ് കുടുംബം പുലര്‍ത്തുന്നത്. തന്റെ സാമ്പത്തിക ക്ളേശങ്ങള്‍ പഠനത്തെ ബാധിക്കാതിരിക്കാന്‍ ഈ വൈഭവും കഠിനധ്വാനിയായി. സഹോദരന് വരുണ്‍ രണ്ടു വര്‍ഷം മുമ്പ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പരീക്ഷ പാസായിരുന്നു. വേഗം ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അതോടെയാണ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത്. കഠിനധ്വാനിയായ അച്ഛനും പഠനത്തില്‍ മികവു വേണമെന്നു കാണിച്ചുതന്ന സഹോദരന് അരുണുമാണ് മാതൃകയും പ്രചോദനവുമെന്ന് വൈഭവ് പറയുന്നു.
പുസ്തകപ്പുഴുവായിട്ടല്ല ജീവിച്ചത്. ചായക്കടയില്‍ അച്ഛനെ സഹായിക്കും. ഫുട്ബോള്‍ കളിക്കും. അല്പസമയം സോഷ്യല്‍ മീഡിയയിലും ഓടി നടക്കും. കൂട്ടുകാര്‍ക്കൊപ്പം നടക്കാന്‍ പോകും. ഇതെല്ലാം തന്റെ പഠനത്തിന്റെ സമ്മര്‍ദത്തെ ലഘൂകരിക്കാന്‍ സഹായിച്ചെന്നാണ് വൈഭവ് പറയുന്നത്.
നല്ല ഉദ്യോഗത്തില്‍ കയറുന്നതോടെ അച്ഛന്റെ കഠിനധ്വാനത്തിന് അറുതി വരുത്തണമെന്നാണ് ആഗ്രഹം. കുടുംബത്തിനു വേണ്ടി ചായ വിറ്റും കച്ചോരിയുണ്ടാക്കിയും കഷ്ടപ്പെട്ട അച്ഛന് ഇനി വിശ്രമിക്കട്ടെ. ഇനിയെങ്കിലും അദ്ദേഹത്തിനു സന്തോഷ ജീവിതം നല്‍കണമെന്ന് വൈഭവ് പറഞ്ഞു.