സ്‌നാക്‌സ് കഴിക്കുമ്പോള്‍ മുക്കി കഴിക്കാന്‍ അല്‍പം ടൊമാറ്റോ കെച്ചപ്പോ അല്ലെങ്കില്‍ ചട്‌നിയോ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടോ? ഈ കോംമ്പിനേഷന്‍ രുചിക്ക് നല്ലതാണെങ്കിലും ആരോഗ്യകരമായ ഒരു ശീലമല്ലെന്നാണ് യുഎസിലെ പെന്‍ സ്റ്റേറ്റ് സെന്‍സറി ഇവാലുവേഷന്‍ സെന്റര്‍ നടത്തിയ പഠനം ചൂണ്ടികാണിക്കുന്നത്. സ്‌നാക് മാത്രം കഴിക്കുമ്പോള്‍ ലഭ്യമാകുന്ന കലോറിയുടെ ഏതാണ്ട് ഇരട്ടി അളവില്‍ കലോറി ശരീരത്തിലെത്താന്‍ ഈ ഒരു ചെറിയ ഭക്ഷണ ശീലം കാരണമാകുമെന്ന് പഠനം ചൂണ്ടികാണിക്കുന്നു. ഡിപ്പിനൊപ്പം സ്‌നാക്‌സ് കഴിക്കുന്നത് ആളുകള്‍ കൂടുതല്‍ ആസ്വദിക്കുന്നു. അതേസമയം ഡിപ്പിനൊപ്പം കഴിക്കുമ്പോഴും അല്ലാതെ കഴിക്കുമ്പോഴും സ്‌നാക്കിന്റെ അളവില്‍ കാര്യമായ വ്യത്യാസമില്ലെന്നും ഗവേഷകര്‍ പറയുന്നു. സ്‌നാക് മാത്രം കഴിക്കുമ്പോള്‍ 194 കലോറി മാത്രം കിട്ടേണ്ട സ്ഥാനത്ത് ഡിപ്പ് കൂടി ചേരുമ്പോള്‍ അത് 345 കലോറി ആയതായും ഗവേഷക സംഘം കണ്ടെത്തി. അതായത് ഡിപ്പ് കൂടി സ്‌നാക്കിനൊപ്പം ചേര്‍ക്കുമ്പോള്‍ ആളുകള്‍ അറിയാതെ തന്നെ ഊര്‍ജ്ജ ഉപഭോഗം ഗണ്യമായി വര്‍ധിക്കുന്നു. സോള്‍ട്ടി സ്‌നാക്കിന്റെ ഒപ്പം ഡിപ്പ് കൂടി നല്‍കിയപ്പോള്‍ ആളുകളുടെ ഭക്ഷണരീതിയില്‍ വന്ന മാറ്റമാണ് പഠന സംഘം നിരീക്ഷിച്ചത്. ഡിപ്പിനൊപ്പം സ്‌നാക് കഴിച്ചവരില്‍ 77 ശതമാനം കൂടുതല്‍ കലോറി ലഭിച്ചതായി കണ്ടെത്തി. കൂടാതെ മൊത്തത്തിലുള്ള കഴിപ്പിന്റെ വേഗത കൂടുന്നതായും തിരിച്ചറിഞ്ഞു. എന്നാല്‍ സ്‌നാക് കഴിക്കുന്നതിന്റെ അളവില്‍ വ്യത്യാസപ്പെട്ടിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു.