അജയ് ദേവ്ഗണ് ബിഗ് സ്ക്രീനിലെ തന്റെ ഹിറ്റ് കഥാപാത്രം ബജിറാവു സിങ്കമായി മൂന്നാം തവണ എത്തുന്ന ചിത്രമാണ് ‘സിങ്കം എഗെയ്ന്’. അജയ്ക്കൊപ്പം ഇക്കുറി വമ്പന്‍ താരനിരയെയാണ് രോഹിത് ഷെട്ടി ഇറക്കുന്നത്. കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, അര്ജുന് കപൂര്‍, ജീക്കി ഷ്രോഫ് എന്നിങ്ങനെ നീളുന്നു ആ നിര. ഒപ്പം സല്മാന് ഖാനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ടൈറ്റില്‍ ട്രാക്ക് ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു. രവി ബസ്റൂര് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ടൈറ്റില്‍ ട്രാക്കിന് വരികള്‍ എഴുതിയിരിക്കുന്നത് സ്വാനന്ത് കിര്ക്കിറെ ആണ്. ആലപിച്ചിരിക്കുന്നത് സന്തോഷ് വെങ്കി. ഒരു ദിവസം കൊണ്ട് 2 കോടിയിലധികം കാഴ്ചകളാണ് ടൈറ്റില്‍ ട്രാക്കിന് യുട്യൂബില്‍ ലഭിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിലെ ഗാനങ്ങള്‍ രവി ബസ്റൂറിനൊപ്പം തമന് എസും ഒരുക്കിയിട്ടുണ്ട്.