ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ സിമ്പിള്‍ ഡോട്ട് വണ്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചു. 99,999 രൂപ പ്രാരംഭ വിലയിലാണ് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്, പ്രീ-ബുക്കിംഗ് യൂണിറ്റുകള്‍ക്കും ഈ വില ബാധകമായിരിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഈ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. പുതിയ ഉപഭോക്താക്കള്‍ക്കുള്ള ഇതിന്റെ വില ജനുവരി മാസത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. കമ്പനിയുടെ ആദ്യ സ്‌കൂട്ടറില്‍ ഏറെ ജനശ്രദ്ധപിടിച്ചു പറ്റിയ സംവിധാനമായിരുന്നു സ്ഥിരമായ ബാറ്ററി ബാക്ക്അപ്പ്. പ്രസ്തുത സംവിധാനം ഈ സ്‌കൂട്ടറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിമ്പിള്‍ ഡോട്ട് വണ്‍ സ്‌കൂട്ടറില്‍ 3.7 കിലോവാട്ട്അവര്‍ ശേഷിയുള്ള ബാറ്ററി പായ്ക്കാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഈ സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. റെഡ്, ബ്രേസന്‍ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസൂര്‍ ബ്ലൂ എന്നിങ്ങനെ നാലു നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 750വാട്ട് ചാര്‍ജറാണ് ഉപയോഗിക്കുന്നത്. 72 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന 8.5 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ആപ്പ് കണക്റ്റിവിറ്റി സൗകര്യവും ടി ഇലക്ട്രിക് സ്‌കൂട്ടറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.