ബ്രസീല്‍ ഫുട്‌ബോള്‍ താരത്തിന്റെ പേര് ടൈറ്റില്‍ ആക്കിയതുവഴി പ്രഖ്യാപനസമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘നെയ്മര്‍’. വി സിനിമാസ് ഇന്റര്‍നാഷനണലിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ സുധി മാഡിസണ്‍ സംവിധാനം ചെയ്ത നെയ്മറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മാത്യു തോമസും നസ്‌ലെനുമാണ്. എന്നാല്‍ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു നായയാണ്. ഇപ്പോഴിതാ നായകനായ നാടന്‍ നായയുടെ കുസൃതിത്തരങ്ങള്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരിക്കുകയാണ്. വി സിനിമാസ് ഇന്റര്‍നാഷനലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ‘ശുനകയുവരാജനിവന്‍’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് അന്‍വര്‍ സാദത്താണ്. വിജയ രാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരും ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.