ഡി.എച്ച്.എല്‍. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ് ലിമിറ്റഡ് വഴി സാധനങ്ങള്‍ അയയ്ക്കുന്നത് അടുത്തവര്‍ഷം മുതല്‍ ചെലവേറും. 2024 ജനുവരി ഒന്നു മുതല്‍ ഷിപ്പ്‌മെന്റിന് അനുസരിച്ച് ഇപ്പോഴുള്ളതിനേക്കാള്‍ 9.5 ശതമാനം നിരക്ക് വര്‍ദ്ധിപ്പിക്കും. വര്‍ഷം തോറും നടത്തുന്ന അവലോകനങ്ങള്‍ക്ക് ശേഷമാണ് ബ്ലൂ ഡാര്‍ട്ട് ഷിപ്പ്‌മെന്റിനുള്ള നിരക്ക് നിശ്ചയിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ സാധനങ്ങള്‍ അയക്കുന്ന ഉപയോക്താക്കളെ നിരക്ക് വര്‍ദ്ധനവ് ബാധിക്കില്ല. ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതിനും ലോകോത്തര ഉപഭോക്തൃഅനുഭവം നല്‍കുന്നതിനും ഐ.ടി ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപിക്കാനും ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ബ്ലൂ ഡാര്‍ട്ട് പദ്ധതിയിടുന്നുണ്ട്. 2023 ജൂണില്‍അവസാനിക്കുന്ന പാദത്തില്‍ ബ്ലൂ ഡാര്‍ട്ട് 1,237.55 കോടി രൂപയുടെ അറ്റ വില്പന നടത്തി. 2022 ജൂണില്‍ 1,300.05 കോടി രൂപയായിരുന്നു. 4.81 ശതമാനമാണ് കുറവ്. ഇതേ കാലയളവിലെ അറ്റാദായം 48.41 ശതമാനം കുറഞ്ഞ് 61.28 കോടി രൂപയായി. സൗത്ത് ഏഷ്യ യിലെ എക്‌സ്പ്രസ് എയര്‍ ആന്‍ഡ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ്, നിലവില്‍ ഇന്ത്യയിലെ 55,000-ലധികം സ്ഥലങ്ങളിലേക്ക് ചരക്ക് ഡെലിവറി നടത്തുന്നുണ്ട്.