വിക്രത്തിന്റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’യില്‍ നിരവധി മലയാളി താരങ്ങളാണ് ഉള്ളത്. മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാബു ആന്റണി, മാത്യു എന്നിവര്‍ ഇതിനകം ചിത്രത്തില്‍ ചേര്‍ന്നിട്ടുണ്ട്. ദൃശ്യം 2 എന്ന ചിത്രത്തില്‍ വക്കീലായി എത്തിയ നടി ശാന്തി മായാദേവി ചെന്നൈയില്‍ ലിയോയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു എന്നതാണ് ഏറ്റവും പുതിയ വിവരം. ലോകേഷ് കനകരാജുമൊത്തുള്ള ഒരു സെല്‍ഫിയും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഓണ്‍ ലിയോ സെറ്റ് എന്നാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 2021 ല്‍ ഒടിടി റിലീസായി എത്തിയ ദൃശ്യം 2വില്‍ ശാന്തി മായാദേവി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജ്കുട്ടിക്കായി കോടതിയില്‍ വാദിക്കുന്ന വക്കീലായിരുന്നു ഇവരുടെ വേഷം. ഈ വക്കീല്‍ ജീവിതത്തിലും വക്കീലാണ്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലും ശാന്തി മായാദേവി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.