വിവിധ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിക്കുന്ന പിഎംഎസ് അവതരിപ്പിക്കാന്‍ സെബി. ഇതോടെ കുറഞ്ഞ നിക്ഷേപ തുകയുള്ളവര്‍ക്കും പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനം പ്രയോജനപ്പെടുത്താം. ലിസറ്റ് ചെയ്യാത്ത സെക്യൂരിറ്റികള്‍, വിദേശ ആസ്തികള്‍ എന്നിവയിലും നിക്ഷേപം അനവദിക്കും. നിയന്ത്രണം ലളിതമാക്കി കൂടുതല്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുകയെന്നതാണ് ലക്ഷ്യം. മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, സ്പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ എന്നിവയില്‍ മാത്രം നിക്ഷേപം നടത്തുന്ന പ്രത്യേക എംഎഫ്-പിഎംഎസ് വിഭാഗം നിലവില്‍വരും. പിഎംഎസിന് ആവശ്യമായ കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്. എംഎഫ്-പിഎംഎസിന് 25 ലക്ഷം രൂപ മതിയാകും. ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് ആവശ്യമായ ആസ്തി അഞ്ച് കോടി രൂപയില്‍നിന്ന് രണ്ട് കോടിയായി കുറയ്ക്കും. നിക്ഷേപം കൈകാര്യം ചെയ്യുന്നതിന് ഈടാക്കുന്ന നിരക്ക് മൊത്തം ആസ്തിയുടെ പരമാവധി 2.5 ശതമാനമാകും. നിക്ഷേപകന്റെ സമ്മതത്തോടെ, പ്രകടനത്തിന് അനുസരിച്ചുള്ള ഫീസ് ഈടാക്കാന്‍ അനുവദിക്കും.
