ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ സൗദി അറേബ്യ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ഈടാക്കിയിരുന്ന പ്രീമിയം വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം ഏകദേശം ബാരലിന് 10 ഡോളറായിരുന്ന പ്രീമിയം തുക ഇപ്പോള്‍ 3.5 ഡോളറായാണ് കുറച്ചത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ കൂടുതലായി വാങ്ങാന്‍ തുടങ്ങിയതോടെയാണ് സൗദിയുടെ ഈ നീക്കം. റഷ്യ പ്രീമിയം വെട്ടികുറച്ചപ്പോള്‍ യു.എ.ഇ ഈ പ്രീമിയം തുക പുര്‍ണ്ണമായും ഒഴിവാക്കി. ഒപെക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യഥാര്‍ത്ഥ വില്‍പ്പന വിലയേക്കാള്‍ കൂടുതലായി ഈടാക്കുന്ന അധിക തുകയാണ് വെട്ടിക്കുറച്ചത്. മുമ്പ് പ്രീമിയം ഇല്ലാതാക്കാന്‍ ഇന്ത്യ ആവര്‍ത്തിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും പകരം ഒരു ‘ഏഷ്യന്‍ ഡിസ്‌കൗണ്ട്’ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യയും ചൈനയുമെല്ലാം റഷ്യയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് എണ്ണ വാങ്ങാന്‍ തുടങ്ങിയതോടെയാണ് സൗദി ഏഷ്യന്‍ പ്രീമിയം വെട്ടിക്കുറച്ചത്. ഇന്ത്യയിലേക്ക് 2023-24 ന്റെ ആദ്യ പാദത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 12.36 ബില്യണ്‍ ഡോളറായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 171% ഉയര്‍ന്നപ്പോള്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി 24% കുറഞ്ഞ് 5.49 ബില്യണ്‍ ഡോളറായി. കൂടാതെ യു.എ.ഇയില്‍ നിന്നുള്ള ഇറക്കുമതി 63% ഇടിഞ്ഞ് 1.71 ബില്യണ്‍ ഡോളറിലെത്തി. 2023 സെപ്റ്റംബറിലെ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ എണ്ണ വിപണി റിപ്പോര്‍ട്ട് കാണിക്കുന്നത് റഷ്യയുടെ പ്രതിദിന ഉല്‍പ്പാദനം ജൂലൈയിലേത് പോലെ ഓഗസ്റ്റിലും പ്രതിദിനം 9.48 ബാരല്‍ ആയിരുന്നുവെന്നും സൗദി അറേബ്യയുടേത് ജൂലൈയിലെ പ്രതിദിനം 9.08 ബാരലില്‍ നിന്ന് ഓഗസ്റ്റില്‍ പ്രതിദിനം 8.98 ബാരലായി കുറഞ്ഞുവെന്നുമാണ്.