മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഓഹരി വിപണിയായ സൗദി അറേബ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് കടന്നു വരുന്ന കമ്പനികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ വര്‍ഷം ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറുകള്‍ നടന്നത് സൗദി ഓഹരി വിപണിയിലാണ്. 42 കമ്പനികളാണ് ലിസ്റ്റ് ചെയ്തത്. ജിസിസി രാജ്യങ്ങളിലെ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ വര്‍ഷം ആകെ ലിസ്റ്റ് ചെയ്തത് 53 കമ്പനികളാണ്. ഐപിഒകളുടെ എണ്ണത്തില്‍ സൗദി ലോകത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വിപണികളുടെ മൂല്യം കഴിഞ്ഞ വര്‍ഷം 12.9 ബില്യണ്‍ ഡോളറാണ് (11,000 കോടി രൂപ). സൗദി വിപണിയുടെ മൂല്യം 4.1 ബില്യണ്‍ ഡോളറും. 239 കമ്പനികളാണ് സൗദി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഏഴ് ഐപിഒ ലിസ്റ്റിംഗ് നടന്ന യുഎഇ വിപണിയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, വിപണി മൂല്യത്തില്‍ 6.2 ബില്യണ്‍ ഡോളറുമായി യു.എ.ഇ ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനത്താണ്. ജിസിസി വിപണികളുടെ മൊത്തം മൂല്യത്തിന്റെ 47.8 ശതമാനം യുഎഇയിലാണ്. പുതിയ ലിസ്റ്റിംഗില്‍ മൂന്നാം സ്ഥാനത്ത് ഒമാനാണ്. മൂന്നു കമ്പനികളാണ് ലിസ്റ്റ് ചെയ്തത്. 2.5 ബില്യണ്‍ ഡോളറാണ് വിപണി മൂല്യം. ഒരോ ഐപിഒ കള്‍ വീതമുണ്ടായ കുവൈത്ത്, ബഹറൈന്‍ മാര്‍ക്കറ്റുകളാണ് പിന്നിലുള്ളത്.