മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് ശശി തരൂർ.ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ടല്ലെന്നും മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു, താൻ പരിപാടികളിൽ പങ്കെടുക്കുന്നുെവെന്നും തരൂർ പറഞ്ഞു.
കോട്ടിനെക്കുറിച്ച് ആര് പറഞ്ഞോ അവരോട് ചോദിക്കണം. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ തരൂർ പ്രതികരിച്ചു.
നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം.
എന്നാൽ തരൂരിനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് എഐസിസി. കടുത്ത നടപടിയിലേക്ക് നീങ്ങിയാൽ ജനവികാരം എതിരാകുമെന്ന ആശങ്കയും പാർട്ടി തലപ്പത്തുണ്ട്.
മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ തരൂർ തന്റെ വാക്കുകൾ മയപ്പെടുത്തിയിരുന്നു. അതേസമയം കേരളത്തിലെ നേതാക്കളുടെ പരാതി ഹൈക്കമാന്റിനെ അറിയിക്കും. പ്രവർത്തക സമിതിയിലേക്ക് തരൂരിനെ ഉൾപ്പെടുത്തുന്നതിലും വിരുദ്ധാഭിപ്രായം നിലനിൽക്കുകയാണ്. ഭാരത് ജോഡോ യാത്രക്ക് ശേഷമാകും തരൂർ വിഷയത്തിൽ ചർച്ച നടത്തുക.
കെ മുരളീധരൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ അടക്കമുള്ളവർ തരൂരിന്റെ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനത്തെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തി.
അതോടെ നിലപാടിൽ പിന്നോട്ട് പോയിരിക്കുകയാണ് ശശി തരൂർ. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതിൽ പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂർ പറയുകയും ചെയ്തു.