പി സരിനെതിരെ ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അംഗമായിരുന്ന വീണ എസ് നായർ. ഡിഎംസി കൺവീനർ എന്ന നിലയിലുള്ള സരിന്‍റെ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജനുവരിയിൽ താനും സഹപ്രവർത്തകരും പരാതി നൽകിയിരുന്നുവെന്നും അതിന്‍റെ പേരിൽ സൈബർ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു. ഡിജിറ്റൽ മീഡിയ കൺവീനർ എന്ന നിലയിൽ വെറും 25 പേരടങ്ങുന്ന സംഘത്തെ ഒരുമിച്ച് കൊണ്ടുപോകാൻ നടപടി സ്വീകരിക്കുന്നതിന് പകരം അംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കി, സ്വന്തം ഫാൻ ഗ്രൂപ്പുകളെ സൃഷ്ടിക്കുകയാണ് സരിൻ എന്നാണ് പരാതി നൽകിയതെന്ന് വീണ വിശദീകരിച്ചു. കെപിസിസിക്കു കൊടുത്ത പരാതി ചാനലിന് ചോർന്നു. മനസാ വാചാ അറിയാത്ത ഈ സംഭവത്തിന്റെ പേരിൽ ടാർഗറ്റ് ചെയ്തു സൈബർ ആക്രമണം നടത്തി എന്നാണ് വീണ പറയുന്നത്. ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ ശരിക്കുള്ള രൂപം പുറത്തുകൊണ്ടുവരണമെന്നും തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്നും കഴിഞ്ഞ 10 മാസമായി ദൈവത്തോട് പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ലെന്നും വീണ പറഞ്ഞു. മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം. പക്ഷേ ആ മാലിന്യം എൻഡോസൾഫാൻ ആണെങ്കിൽ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. എൻഡോസൾഫാൻ ഉണ്ടാക്കുന്ന ദുരിതങ്ങൾ നമ്മൾ കാണുന്നില്ലേ കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ എന്ന് പറഞ്ഞാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിന് എഴുതിയ കത്ത് വീണ അവസാനിപ്പിക്കുന്നത്.