ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപക്ക് റെക്കോഡ് തകര്‍ച്ച. ഒരു ഡോളറിന് വെള്ളിയാഴ്ച രേഖപ്പെടുത്തിയ നിരക്ക് 83 രൂപ 99 പൈസയാണ്. സെപ്തംബര്‍ 12നാണ് ഇതിനു മുമ്പ് രൂപ ഏറ്റവും താഴെയായത്. അന്ന് 83 രൂപ 98 പൈസയായിരുന്നു. അസംസ്കൃത എണ്ണ വില വര്‍ധന, ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ പണമൊഴുക്ക് എന്നിവയാണ് തകര്‍ച്ചക്ക് കാരണം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ വിനിമയനിരക്കിനെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. രണ്ടാഴ്ച മുന്‍പ് രൂപയുടെ മൂല്യം 83.50 എന്ന തലത്തിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്.