അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം തയാറാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2019 നവംബര്‍ ഏഴിനോ മുന്‍പോ നിര്‍മ്മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്തുക. 1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെയും കേരള പഞ്ചായത്തീരാജ് ആക്ടിലെയും വകുപ്പുകള്‍ ഭേഗദതി ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എം ബി രാജേഷ് പറഞ്ഞു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെയെ അനുമോദിച്ച് നേതാക്കള്‍. തനിക്കെതിരെ മത്സരിച്ച ശശി തരൂരിന് എല്ലാ ആശംസകളും നന്ദിയും അറിയിക്കുന്നുവെന്നും തരൂര്‍ അടക്കം എല്ലാവരേയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകുമെന്നും ഖാര്‍ഗെ പറഞ്ഞു.
കേരള സര്‍വകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിന്‍വലിച്ച് രാജ്ഭവന്‍ ഉത്തരവിറക്കി. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നലെ ഉത്തരവിറക്കണമെന്ന് ഗവര്‍ണര്‍ നല്‍കിയ അന്ത്യശാസനം വിസി തള്ളിയതിനു പിന്നാലെയാണ് രാജ്ഭവന്‍ തന്നെ ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവന്‍, ഇക്കാര്യം വൈസ് ചാന്‍സലറെ അറിയിച്ചു.
വിദ്യാലയങ്ങളിലെ വിനോദയാത്രകള്‍ രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയില്‍ പാടില്ലെന്ന് വിലക്ക്. പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ പുതുക്കിയിറക്കി. സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രമേ യാത്ര ചെയ്യാവു. യാത്രാ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയും ഗതാഗത വകുപ്പിനേയും അറിയിക്കണം. ഒരു അധ്യാപകന്‍ കണ്‍വീനറായ കമ്മിറ്റി വിനോദയാത്രക്കുണ്ടാകണമെന്നും നിര്‍ദേശം.
സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച തീവ്രയജ്ഞത്തിന്റെ സമയപരിധി ഒരു മാസത്തേക്കു കൂടി നീട്ടി. കഴിഞ്ഞ മാസം മുപ്പതിനകം ഫയല്‍ തീര്‍പ്പാക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്. കെട്ടിക്കിടന്നിരന്ന 8,53,088 ഫയലുകളില്‍ തീര്‍പ്പാക്കിയത് 3, 28,910 ഫയലുകളാണ്. 5,24,178 ഫയലുകള്‍ കൂടി തീര്‍പ്പാക്കാനുണ്ട്.
സുപ്രീം കോടതി ലാവലിന്‍ കേസ് 33 ാം തവണയും മാറ്റിവയ്ക്കുമോയെന്ന് ഇന്നറിയാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തു കേസിന്റെ തുടര്‍വിചാരണ മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റിന്റെ ഹര്‍ജിയിലും ഇന്ന് തീര്‍പ്പുണ്ടാകും. രണ്ടു ഹര്‍ജികളും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്.
ഇന്ന് ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ നീക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. റോഡുകളിലെ തടസങ്ങളടക്കം മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ അടുത്ത ചൊവ്വാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പാരിസ്ഥിതിക ആഘാത പഠനം സ്വന്തം നിലയില്‍ നടത്തുമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത. മൂന്നു മാസംകൊണ്ട് പഠനം പൂര്‍ത്തിയാക്കും. ഇതിനായി ഏഴംഗ സമിതിയെ നിയോഗിച്ചു. പഠന സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കുമെന്ന് ലത്തീന്‍ അതിരൂപത വികാര്‍ ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ ആറിലും അനുകൂല തീരുമാനം ഉറപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് സമരസമിതി.
എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. വിജയ് സാക്കറേ കേന്ദ്രസര്‍വ്വീസിലേക്കു പോകുന്ന സാഹചര്യത്തിലാണ് എം.ആര്‍ അജിത്ത് കുമാറിനെ നിയമിച്ചത്. നേരത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന അജിത്ത് കുമാറിനെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെതുടര്‍ന്നാണ് മാറ്റിയത്.
പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനു വിദഗ്ദ്ധ സമിതിയെ ഓഗസ്റ്റ് അവസാനം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വിദഗ്ദ്ധ സമിതിയുടെ തീരുമാനം വരുന്നതിനുമുമ്പ് ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലെത്താനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു.
മഹാമാരിക്കാലത്തെ കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് കാലത്ത് 500 രൂപയ്ക്കുള്ള പിപിഇ കിറ്റ് 1550 രൂപയ്ക്ക് വാങ്ങി കോടികള്‍ തട്ടിയെടുത്തു. 1033 കോടി രൂപയ്ക്കാണു വാങ്ങിയത്. തീവെട്ടിക്കൊള്ളയാണ് സര്‍ക്കാര്‍ നടത്തിയതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തിരമായി സംഭരണം ആരംഭിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പാലക്കാടും കുട്ടനാട്ടിലും കൊയ്തു കഴിഞ്ഞ സ്ഥലങ്ങളില്‍ തുറസായ സ്ഥലങ്ങളിലും പാടത്തും കൂട്ടിയിട്ട നെല്ല് മുളച്ചു തുടങ്ങിയിരിക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമലയിലേക്കുള്ള 19 റോഡുകളില്‍ 16 എണ്ണത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കൊല്ലം പത്തനാപുരത്ത് റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നതിന്റെ പേരില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. പത്തനാപുരം അങ്ങാടി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ മനപൂര്‍വ്വമായ നരഹത്യ കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ കോടതിവിധിക്കെതിരേ ഹൈക്കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. നരഹത്യ കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ തിരുവനന്തപുരം ജില്ലാ കോടതിയുടെ നടപടി നീതി നിഷേധമാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പറഞ്ഞു.