ബ്രിട്ടീഷ് ആര്‍മിയുമായുള്ള പുതിയ പങ്കാളിത്തത്തില്‍ നാല് ഹിമാലയന്‍ 450 മോട്ടോര്‍സൈക്കിളുകള്‍ സൈനികര്‍ക്ക് നല്‍കി റോയല്‍ എന്‍ഫീല്‍ഡ്. ഓഫ് റോഡ് സ്‌കില്‍സ് പഠിക്കാനും ആര്‍മിയില്‍ ട്രെയിനിങ് ആവശ്യങ്ങള്‍ക്കായും എല്ലാം വേണ്ടി ബ്രിട്ടീഷ് ആര്‍മി മോട്ടോറൈസ്ഡ് അഡ്വഞ്ചര്‍ ഗ്രൂപ്പിനാണ് വാഹനങ്ങള്‍ കൈമാറിയത്. ആര്‍മിയുടെ ഇനി വരാന്‍ പോകുന്ന ആര്‍മി മോട്ടോര്‍സ്‌പോട്ട് ഡേ, എക്‌സസൈസ് മഡ്മാസ്റ്റര്‍, എക്‌സസൈസ് റോഡ്മാസ്റ്റര്‍ എന്നീ പരിശീലന പരിപാടികളിലും പങ്കെടുക്കും. ബ്രിട്ടീഷ് ആര്‍മി ഹിമാലയന്‍ 450 തിരഞ്ഞെടുത്തതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഇപ്പോഴുള്ളതില്‍ വച്ച് ഏറ്റവും ആധുനികമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഈ പുതുതലമുറ ഹിമാലയന്‍. ഓണ്‍-റോഡിലും ഓഫ്-റോഡിലും മികച്ച പ്രകടനമാണിതിന്. 40 ബിഎച്ച്പി കരുത്തും 40 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 452സിസി, സിംഗിള്‍-സിലിണ്ടര്‍, ഫ്യുവല്‍-ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ഹിമാലയന്‍ 450 ക്ക് കരുത്ത് പകരുന്നത്. 6-സ്പീഡ് ഗിയര്‍ബോക്‌സ്, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച്, സ്വിച്ചബിള്‍ എബിഎസ് തുടങ്ങി മറ്റ് നിരവധി സവിശേഷതകളും ഹിമാലയന്‍ 450നുണ്ട്.