ഇന്ത്യക്കാരുടെ പരമ്പരാഗതമായ പ്രധാന ഭക്ഷണമാണ് ചോറ്. എന്നാല്‍ ചോറില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ വീക്കം ഉണ്ടാക്കാനും അസ്ഥികള്‍ ദുര്‍ബലമാകാനും ശരീരഭാരം കൂടാനും കാരണമാകുമെന്ന വാദത്തെ തുടര്‍ന്ന് പലരും ചോറിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ ഇത് വെറും മിഥാധാരണയാണെന്നും കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കിയുള്ള ഡയറ്റ് ആരോഗ്യത്തിന് സുരക്ഷിതമല്ലെന്നും ഓര്‍ത്തോപീഡിയാക് സര്‍ജന്‍ ആയ ഡോ. മനന്‍ വോറ പറയുന്നു. കാര്‍ബോഹൈഡ്രേറ്റിനെയും ചോറിനെയും ശത്രുവായി കാണേണ്ടതില്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ അവശ്യ പോഷകാണ് കാര്‍ബോഹൈഡ്രേറ്റ്. കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ കുറയുന്നത് പേശികളെ ദുര്‍ബലപ്പെടുത്താം. പേശികളുടെ വീണ്ടെടുക്കലിന് കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്ന് വരുന്ന ഗ്ലൈക്കോജന്‍ ആവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ കുറയ്ക്കുമ്പോള്‍, ശരീരത്തില്‍ ഗ്ലൈക്കോജന്‍ സംഭരണം കുറയുന്നു. അത് പേശികള്‍ വേഗത്തില്‍ ക്ഷീണിക്കുന്നതിനും അസ്ഥികളെ സപ്പോര്‍ട്ട് ചെയ്യുന്ന ടിഷ്യു കൂടുതല്‍ സൂക്ഷ്മ സമ്മര്‍ദം നേരിടുകയും ചെയ്യുന്നു. അരി കാര്‍ബോഹൈഡ്രേറ്റുകളുടെ മാത്രം ഉറവിടമല്ല, അതില്‍ മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് എളുപ്പത്തില്‍ ഊര്‍ജ്ജം ലഭ്യമാക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇത് ഗ്ലൂറ്റന്‍ രഹിതമാണ്, കൊഴുപ്പും സോഡിയവും കുറവാണ്, ബി വിറ്റാമിനുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. മറ്റെല്ലാ ഭക്ഷണങ്ങളെയും പോലെ, അരി കഴിക്കുമ്പോഴും മിതത്വം പാലിക്കുകയെന്നതാണ് പ്രധാനം. ഭക്ഷണം ഒഴിവാക്കുന്നതിനെ കുറിച്ചല്ല, നിങ്ങളുടെ ശരീരത്തിന് യഥാര്‍ഥത്തില്‍ ആവശ്യമായത് എന്താണെന്ന് മനസിലാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ തലച്ചോറിനും പേശികള്‍ക്കും ശക്തി നല്‍കുന്നതും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതുമായ പ്രാഥമിക ഇന്ധനമാണ് കാര്‍ബോഹൈഡ്രേറ്റ്.
