രാജ്യത്ത് സെപ്റ്റംബറില്‍ ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം കുത്തനെ കുറഞ്ഞു. ഓഗസ്റ്റിലെ 6.83 ശതമാനത്തില്‍ നിന്ന് 5.02 ശതമാനമായാണ് കുറഞ്ഞത്. ജൂലൈയില്‍ ഇത് 7.44 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരം ഓഗസ്റ്റിലെ 9.94 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 6.56 ശതമാനത്തിലേക്ക് താഴ്ന്നത് നേട്ടമായി. പച്ചക്കറി, ധാന്യം, ഇന്ധനം എന്നിവയുടെ വിലനിലവാരം താഴ്ന്നതും ഗുണം ചെയ്തു. രാജ്യത്ത് നഗരങ്ങളില്‍ 4.65 ശതമാനവും ഗ്രാമങ്ങളില്‍ 5.33 ശതമാനവുമാണ് കഴിഞ്ഞമാസം പണപ്പെരുപ്പമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. പ്രധാനമായും റീട്ടെയില്‍ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകള്‍ പരിഷ്കരിക്കുന്നത്. ഇത് 2-6 ശതമാനത്തിനുള്ളില് നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. കേരളത്തില്‍ ഇത് കഴിഞ്ഞമാസം ദേശീയതലത്തേക്കാളും കുറഞ്ഞ് 4.72 ശതമാനത്തിലെത്തി. കേരളത്തില്‍ ജൂലൈയില്‍ 6.51 ശതമാനവും ഓഗസ്റ്റില്‍ 6.26 ശതമാനവുമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പം. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നുമാണ് കേരളം. വ്യാവസായിക ഉത്പാദന സൂചിക വളര്‍ച്ച ഓഗസ്റ്റില്‍ 10.3 ശതമാനമായാണ് വളര്‍ന്നത്. ജൂലൈയില്‍ വളര്‍ച്ച 5.7 ശതമാനമായിരുന്നു; 2022 ഓഗസ്റ്റില്‍ വളര്‍ച്ച നെഗറ്റീവ് 0.7 ശതമാനമായിരുന്നു.സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളായ ഖനനം, മാനുഫാക്ചറിംഗ്, വൈദ്യുതി മേഖലകളുടെ മികച്ച വളര്‍ച്ചയാണ് ഇക്കുറി ഓഗസ്റ്റില്‍ നേട്ടമായത്.