ഒരു വര്‍ഷക്കാലയളവില്‍ നീക്കം ചെയ്ത വ്യാജ ലോണ്‍ ആപ്പുകളുടെ കണക്കുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നീക്കം ചെയ്തിട്ടുള്ളത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. അതേസമയം, 2021 ഏപ്രില്‍ മുതല്‍ 2022 ജൂലൈ വരെ ഏകദേശം 4000 ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ റിവ്യൂ ചെയ്തത്. ഇതില്‍ 2500 എണ്ണം നീക്കം ചെയ്തിട്ടുണ്ട്. ലോണ്‍ ആപ്പുകള്‍ക്ക് പ്ലേ സ്റ്റോറില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അല്ലെങ്കില്‍, ബാങ്ക് ഇതര സ്ഥാപനങ്ങളോ, അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കോ മാത്രമേ ലോണ്‍ ആപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുകയുള്ളൂ. ഇതിനോടൊപ്പം കര്‍ശന മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. അതേസമയം, ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ കമ്പനിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. കൂടാതെ, ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്‍കുന്ന പെര്‍മിഷനുകളും കൃത്യമായി പരിശോധിക്കണം.